കരുമാല്ലൂർ പഞ്ചായത്ത് മാമ്പ്ര അക്വാ സിറ്റിയിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കിയത് ആരോഗ്യ വിഭാഗം അധികൃതർ പരിശോധിക്കുന്നു
കരുമാല്ലൂർ: പഞ്ചായത്തിലെ ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ പാർപ്പിട സമുച്ചയമായ അക്വാ സിറ്റിയിൽനിന്ന് കക്കൂസ് മാലിന്യവും മലിനജലവും പമ്പ് ചെയ്ത് റോഡും പരിസരവും വൃത്തിഹീനമാക്കി. ഇവിടെ ആറ് ടവറുകളിലായി ആയിരത്തിലേറെ ആളുകൾ താമസിക്കുന്നുണ്ട്. കക്കൂസ് മാലിന്യമുൾപ്പെടെയാണ് പറമ്പിലേക്കും റോഡിലേക്കും പമ്പുചെയ്തത്. മലിനജലം മഴവെള്ളവുമായി കലർന്ന് റോഡിലൂടെ ഒഴുകി പരിസരത്തെ വീട്ടുമുറ്റത്തും കയറി. കഴിഞ്ഞ ദിവസം പരിസരത്തെ ചില കുടുംബങ്ങളിലുള്ളവർക്ക് കടുത്ത വയറിളക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലാണ്.
പഞ്ചായത്ത് ആരോഗ്യ വിഭാഗം പരിശോധന നടത്തി വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. പരാതിയെ തുടർന്നാണ് നാട്ടുകാരും പഞ്ചായത്ത് അധികൃതരും പരിശോധന നടത്തിയത്. ഫ്ലാറ്റുകളിൽ മാലിന്യം സംസ്കരിക്കാൻ സംവിധാനമുണ്ടെങ്കിലും പലതും പ്രവർത്തിക്കുന്നില്ല. ടവർ കേന്ദ്രീകരിച്ചുള്ള അസോസിയേഷനുകളും കെട്ടിട സമുച്ചയ ഉടമകളും തമ്മിൽ തർക്കിക്കുന്നതല്ലാതെ മാലിന്യം നീക്കംചെയ്യാനും ശരിയായ രീതിയിൽ സംസ്കരിക്കാനും നടപടി സ്വീകരിക്കുന്നില്ല.
ആരോഗ്യ വിഭാഗത്തിന്റെ റിപ്പോർട്ട് സഹിതം അടിയന്തര നടപടി കൈക്കൊള്ളാൻ എറണാകുളം ആർ.ഡി.ഒയെ നേരിൽകണ്ട് പരാതി നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയും വാർഡ് മെംബറുമായ റംല ലത്തീഫും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.