ഷാനിമോൻ
കാക്കനാട്: മൈസൂർ സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽഫോണും കവരുകയും കൈതല്ലിയൊടിക്കുകയും ചെയ്ത കേസിൽ ഒന്നാം പ്രതിയെ പിടികൂടി. തൃശൂർ തളിക്കുളം നടുവിലെ വീട്ടിൽഷാനിമോനാണ് (44) തൃക്കാക്കര പൊലീസിന്റെ പിടിയിലായത്.
സുഹൃത്ത് മുഖേന ഡ്രൈവറായി കൊച്ചിയിൽഎത്തിയ പരാതിക്കാരനെ സുഹൃത്തുക്കളായ നാല് പേരും അറസ്റ്റിലായ ഷനിമോനും ചേർന്ന് ഇടപ്പള്ളിയിലുള്ള ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും പിന്നീട് കാറിൽ കയറ്റി കൊണ്ടുപോയി മർദിക്കുകയും പണവും മൊബൈൽ ഫോണും കവരുകയുമായിരുന്നു. പരാതിക്കാരനിൽനിന്ന് 34,000 രൂപയും അപഹരിച്ചു.
പ്രതികൾ പങ്കെടുത്ത ജന്മദിനാഘോഷത്തിലെ മയക്കുമരുന്ന് ഉപയോഗം സംബന്ധിച്ച് പൊലീസിൽ അറിയിച്ചെന്ന സംശയത്തെ തുടർന്നാണ് ഡ്രൈവറെ തട്ടി കൊണ്ടുപോയി പ്രതികൾ മർദിച്ചത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതികൾ മുങ്ങി. ഒന്നാം പ്രതി ഷാനിമോൻ പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെയാണ് പിടിയിലായത്.
രണ്ടും മൂന്നും പ്രതികളായ മൈസൂർ സ്വദേശികളായ നന്ദനെയും തേജസിനെയും പാലക്കാട് ആലത്തൂരിൽനിന്നും പൊലീസ് നേരത്തേ പിടികൂടിയിരുന്നു. തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ എ.കെ. സുധീറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വി.ബി. അനസ്, സി.പി.ഒമാരായ ഗുജറാൾ.സി. ദാസ് ഇ.കെ. സുജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.