റീട്ടെൻ കീർത്ത്ഭായി ഹക്കാനി
വ്യാജ ട്രേഡിങ് ആപ്പ് വഴി ലക്ഷങ്ങൾ തട്ടിച്ച പ്രതി ഗുജറാത്തിൽ പിടിയിൽ
കിഴക്കമ്പലം: ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതിയെ ഗുജറാത്തിലെത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സൂററ്റ് മംഗൽ മൂർത്തി അപ്പാർട്ട്മെൻറ്സിൽ റീട്ടെൻ കീർത്ത്ഭായി ഹക്കാനിയെ (34) ആണ് തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ ട്രേഡിങ് ആപ്പിന്റെ മറവിൽ കിഴക്കമ്പലം മുറി വിലങ്ങ് സ്വദേശിയുടെ 7.80 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. സമൂഹമാധ്യമത്തിലൂടെയാണ് പ്രതിയുമായി പരിചയപ്പെട്ടത്. ഒൺലൈൻ ട്രേഡിങ്ങിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭം വാഗ്ദാനം ചെയ്തു. പ്രതി അയച്ചുകൊടുത്ത ആപ്പ് വഴിയാണ് സാമ്പത്തിക ഇടപാട് നടന്നത്.
ഫെബ്രുവരി 17 മുതൽ മാർച്ച് ഏഴ് വരെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചു. തുടർന്ന് ആപ്പിന്റെ വാലറ്റിൽ കണ്ട ലാഭവിഹിതം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പ്രതി കമീഷൻ ആവശ്യപ്പെട്ടു. പിന്നീടാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. ഉടനെ തടിയിട്ടപറമ്പ് പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്തു. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ഗുജറാത്ത് സൂററ്റ് സ്വദേശിയാണെന്ന് മനസ്സിലാക്കി.
7.80 ലക്ഷം രൂപയും ഗുജറാത്തിലെ സൂറത്തിലുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ കത്തർ ഗാം ബ്രാഞ്ചിലെ പ്രതിയുടെ പേരുള്ള അക്കൗണ്ടിലേക്കാണ് പോയിട്ടുള്ളതെന്ന് കണ്ടെത്തി. എ.എസ്.പി ശക്തി സിങ് ആര്യ, ഇൻസ്പെക്ടർ പി.ജെ. കുര്യാക്കോസ്, എസ്.ഐ എ.എച്ച്. അജിമോൻ, സീനിയർ സി.പി.ഒ കെ.കെ. ഷിബു, സി.പി.ഒമാരായ മിഥുൻ മോഹൻ, കെ.വിനോദ്, സൈബർ സെൽ ടീം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.