New റോഡപകടങ്ങൾ 50 ശതമാനമായി കുറക്കും -മുഖ്യമന്ത്രി

ആലപ്പുഴ: ദേശീയപാത 66ലെ കൊമ്മാടി മുതല്‍ കളര്‍കോട് വരെ നീളുന്ന 6.8 കി.മീ. എലിവേറ്റഡ്​ ഹൈവേയായ ആലപ്പുഴ ബൈപാസ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിച്ചു. വ്യാ​ഴാഴ്​ച ഉച്ചക്ക്​ കളർകോട്ട്​ ആഹ്ലാദം തുടിക്കൊട്ടിയ ചടങ്ങിൽ വിഡിയോ കോൺഫറൻസ്​ വഴിയാണ്​ ഉദ്​ഘാടനം നടന്നത്​. പതിറ്റാണ്ടുകള്‍ നീണ്ട ആലപ്പുഴയുടെ കാത്തിരിപ്പിന്​ വിരാമമിടുന്ന ചടങ്ങിന്​ സാക്ഷികളാകാൻ കോവിഡ്​ കാലത്തും നൂറുകണക്കിനാളുകളാണ്​ തടിച്ചുകൂടിയത്​. റോഡപകടങ്ങൾ 50 ശതമാനമായി കുറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നേരത്തേ കേന്ദ്രമന്ത്രി ഗഡ്​കരി, തമിഴ്​നാട്​ സ്വീകരിച്ച റോഡപകടങ്ങൾ കുറക്കാനുള്ള നടപടികൾ കേരളവും സ്വീകരിക്കണമെന്ന്​ നിർദേശിച്ചിരുന്നു. കേന്ദ്രമന്ത്രി നിർദേശിച്ചതുപോലെ ഡൽഹിയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിവിധ പദ്ധതികൾ ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എത്ര വലിയ പദ്ധതിയും കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് മനോഹരമായി ചെയ്യാനാകുമെന്ന് ആലപ്പുഴ ബൈപാസ് തെളിയിക്കുന്നു. വിഴിഞ്ഞം തുറമുഖ വികസത്തി​ൻെറ ഭാഗമായി തലസ്ഥാനത്ത്​ റിങ്​ റോഡിന്​ കേന്ദ്രസഹായം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാലുവരി പാതയായ എന്‍.എച്ച്-66ലെ അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള 13 കി.മീ. എലിവേറ്റഡ് ആറുവരി പാതയാക്കുന്നത് പരിഗണനയിലാണെന്ന്​ നിതിന്‍ ഗഡ്കരി പറഞ്ഞു. 2014 മുതല്‍ 2020 വരെ കാലയളവില്‍ 580 കി.മീ. ദേശീയപാതയാണ് സംസ്ഥാനത്ത് മാത്രം നിര്‍മിച്ചത്. 50,000 കോടി ചെലവില്‍ നിര്‍മിക്കുന്ന മുംബൈ-കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി സംസ്ഥാനത്ത് 650 കി.മീ. വരുന്ന 23 പദ്ധതികൾ നടപ്പാക്കും. റോഡപകടങ്ങൾ കുറക്കുന്നതി​ൻെറ ഭാഗമായി സംസ്ഥാനത്തെ ദേശീയപാതകളില്‍ 227 ബ്ലാക്‌ സ്‌പോട്ടുകൾ പരിഹരിക്കാൻ നടപടികള്‍ എടുത്തുവരുകയാണ്. കയര്‍, ചണം എന്നിവ ഉപയോഗിച്ച് റോഡും ബാരിയറും നിര്‍മിക്കാൻ ഗവേഷണം നടക്കുകയാണെന്നും അവ ഉടന്‍ സാധ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ​കേരള വികസനത്തിന് പുതിയ പാതകൾ വെട്ടിത്തെളിക്കുന്നതാണ് ആലപ്പുഴ ബൈപാസെന്ന് വിഡിയോ കോൺഫറൻസിലൂടെ സംബന്ധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു. ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, പൊതുവിതരണ മന്ത്രി പി. തിലോത്തമൻ, കേന്ദ്ര സഹമന്ത്രിമാരായ വി.കെ. സിങ്​, വി. മുരളീധരൻ, എ.എം. ആരിഫ് എം.പി, നഗരസഭാധ്യക്ഷ സൗമ്യരാജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.