New പോക്​സോ കേസ്​: ഹോട്ടലുടമയുടെ അറസ്റ്റിന്​​ ഹൈകോടതിയുടെ വാക്കാൽ വിലക്ക്

കൊച്ചി: പോക്​സോ കേസിൽ പ്രതിയായ ഫോർട്ട്‌കൊച്ചിയിലെ 'നമ്പർ 18' ഹോട്ടൽ ഉടമ റോയ് ജെ. വയലാറ്റിനെ ബുധനാഴ്ച വരെ അറസ്റ്റ്​ ചെയ്യുന്നതിന്​​ ഹൈകോടതിയുടെ വാക്കാൽ വിലക്ക്​​. മുൻ മിസ്​ കേരളയടക്കം രണ്ട്​ മോഡലുകളും സു​ഹൃത്തും മരിക്കാനിടയായ സംഭവത്തിൽ ​തനിക്കെതിരെ അനാവശ്യമായാണ്​ പോക്​സോ കേസ്​ ചുമത്തിയിരിക്കുന്നതെന്ന്​ ആരോപിച്ച്​ ഇയാൾ നൽകിയ മുൻകൂർ ജാമ്യഹരജിയാണ്​ ജസ്റ്റിസ്​ പി. ഗോപിനാഥ്​ പരിഗണിച്ചത്​. ഹരജി ബുധനാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റിയ കോടതി, അതുവരെ അറസ്റ്റ്​ പാടില്ലെന്ന്​ വാക്കാൽ നിർദേശിക്കുകയായിരുന്നു. മോഡലുകളും സുഹൃത്തുക്കളും ഹോട്ടലിൽനിന്ന്​ മടങ്ങും വഴിയാണ്​ അപകടത്തിൽ മരിച്ചത്​. തുടർന്ന്​ നടന്ന അന്വേഷണത്തിൽ ഈ ഹോട്ടലിൽ ലഹരി പാർട്ടികൾ നടക്കാറുണ്ടായിരുന്നെന്ന ആരോപണമുയർന്നിരുന്നു. റോയി​യെ അറസ്റ്റ്​​ ചെയ്ത്​ ജാമ്യത്തിൽ വിട്ടിരുന്നു. ഫോർട്ട്​കൊച്ചി പൊലീസ്​ സ്​റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ്​ ഹരജിക്കാരൻ. ഹോട്ടലിലെത്തിയ പരാതിക്കാരിയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡനത്തിനിരയാക്കിയെന്നാണ്​ ​പുതിയ കേസ്​. എന്നാൽ, അപകടമരണം നടന്നശേഷം പൊലീസ്​ ഓഫിസറടക്കമുള്ളവർ ​ശത്രുതമനോഭാവത്തോടെയാണ്​ പെരുമാറുന്നതെന്ന്​ ഹരജിയിൽ പറയുന്നു. ഇതിന്‍റെ പേരിൽ ചില ആവശ്യങ്ങളുന്നയിച്ച്​ പരാതിക്കാരി നാളുകളായി ഭീഷണിപ്പെടുത്തുകയാണ്​. ഇതിന്​ വഴങ്ങാത്തതിനെത്തുടർന്നാണ്​ വ്യാജപരാതി നൽകിയതെന്നാണ്​ ഹരജിയിലെ ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.