കോട്ടപ്പടിയിൽ കാട്ടാന ആക്രമണത്തിൽ തകർന്ന പുത്തൻപുരയ്ക്കൽ മോഹനന്റെ വീട്
കോതമംഗലം: കോട്ടപ്പടിയിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടത്തിൽ വീട് തകർന്നു. മറ്റൊരു വീടിന് കേടുപാട് സംഭവിച്ചു. മൂന്ന് ദിവസമായി പ്ലാമുടി, ചീനക്കുഴി പ്രദേശങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആനകൾ വിലസുകയാണ്. ജനവാസ മേഖലകളിൽനിന്ന് ആനകളെ തുരത്തുന്നതിനിടെയാണ് ആനകളിൽ ഒന്ന് വീട് ആക്രമിച്ചത്.
വടക്കുംഭാഗം കവലക്ക് സമീപം പുത്തൻപുരയ്ക്കൽ മോഹനൻ, മാതാവ് കാർത്തിക എന്നിവരുടെ വീടുകൾക്കാണ് കേടുപാട് സംഭവിച്ചത്. രാത്രി 12.30ഓടെ വളർത്തുനായുടെ നിർത്താതെയുള്ള കുരകേട്ട് പുറത്തിറങ്ങിയ മോഹനന്റെ തൊട്ടരികിൽ ആനയെത്തി. ഓടി വീടിനകത്ത് കയറി ഭാര്യയെയും വിളിച്ച് പുറത്തിറങ്ങി. സമീപത്ത് താമസിക്കുന്ന അമ്മയെയും മറ്റുള്ളവരെയും വിളിച്ചുണർത്തി രക്ഷപ്പെടുകയായിരുന്നു. ആന രണ്ട് വീടുകൾക്കിടയിലൂടെ കടക്കുന്നതിനിടെ മോഹനന്റെ വീടിന്റെ ഭിത്തി തകർന്നു. മേൽക്കൂരയും പാത്രങ്ങളും നശിപ്പിച്ചു.
ഇതേ ആനക്കൂട്ടം ശനിയാഴ്ച രാവിലെ ടാപ്പിങ് തൊഴിലാളിയായ പൗവ്വത്തിൽ ജോയിയെ തോട്ടത്തിൽനിന്ന് ഓടിച്ചു. വെള്ളിയാഴ്ച രാത്രി കര്‍ണ്ണൂര്‍ കോലേക്കാട്ട് അനില്‍, മാമ്പിള്ളി ഇന്റീരിയർ സ്ഥാപനം നടത്തുന്ന നിതീഷ് എന്നിവരുടെ ബൈക്കുകൾക്കുനേരെ ആന പാഞ്ഞടുത്തിരുന്നു. ബൈക്ക് ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു. അനിലിന്റെ ബൈക്ക് നശിപ്പിച്ചു.
കോട്ടപ്പാറ വനാതിർത്തി പങ്കിടുന്ന പ്ലാമുടി, കൂവക്കണ്ടം, കല്ലുളി, ഷാപ്പുംപടി, മൂന്നാംതോട്, വാവേലി, വടക്കുംഭാഗം, ചേലക്കാപ്പള്ളി, മുട്ടത്തുപാറ, ഉപ്പുകണ്ടം, ചീനിക്കുഴി പ്രദേശങ്ങളിൽ ആനകളുടെ നിരന്തര സാന്നിധ്യമുണ്ട്. കൂടുതൽ സ്ഥലങ്ങളിലേക്ക് ആനകൾ എത്തുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകളെ തടയാൻ അടിയന്തര നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.