നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്തവർക്ക് പുനരധിവാസത്തിനായി ഓട്ടോ കൈമാറി

പ്രതീക്ഷയുടെ ട്രാക്കിലേക്ക് ഓട്ടോയുമായി നാല് ചെറുപ്പക്കാർ

കോതമംഗലം: നിശ്ചയദാർഢ്യത്തിന്റെ ട്രാക്കിലേക്ക് ഓട്ടോറിക്ഷയുമായി നാല് ചെറുപ്പക്കാർ. അപകടങ്ങളിൽ നട്ടെല്ലിന് പരിക്കേറ്റ് കിടക്കയിലും ചക്രക്കസേരയിലും ഒതുങ്ങിപ്പോകുമായിരുന്നവരാണ് നാലുപേരും.

കോതമംഗലം പീസ് വാലിയിലെ നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള ചികിത്സ പുനരധിവാസ കേന്ദ്രത്തിൽ ചികിത്സക്ക് എത്തിയതാണ് ഇവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. മൂന്നുമാസത്തെ ചികിത്സയിലൂടെ പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ ചെയ്യാൻ ഇവർ പ്രാപ്തരായി.

മറ്റുള്ളവരെ ആശ്രയിക്കാതെ കുടുംബം പുലർത്തണമെന്ന അതിയായ ആഗ്രഹം ഇവരെ എത്തിച്ചത് ഓട്ടോറിക്ഷ ഡ്രൈവിങ് എന്ന സ്വപനത്തിലേക്ക്. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി ലിജു, കോഴിക്കോട് സ്വദേശി ഫവാസ്, നിലമ്പൂർ സ്വദേശി ഷബീർ, പെരുമ്പാവൂർ സ്വദേശി അജാസ് എന്നിവർക്ക് പുനരധിവാസത്തിന്‍റെ ഭാഗമായി ഓട്ടോറിക്ഷകൾ നൽകി. ആലപ്പുഴ അരൂക്കുറ്റി സ്വദേശി ഷമീറിന് ബാഗ് നിർമാണ യൂനിറ്റിനുള്ള ധനസഹായവും കൈമാറി.

അരക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ടതിനാൽ ഓട്ടോയുടെ ബ്രേക്ക് കൈകൊണ്ട് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലേക്ക് മാറ്റിയെടുത്താണ് കൈമാറിയത്. ഒന്നരലക്ഷം രൂപയോളമാണ് ഒരു ഓട്ടോക്ക് ചെലവ്.

സമാന രീതിയിൽ എറണാകുളം നഗരത്തിൽ ഓട്ടോ ഓടിച്ച് ജീവിക്കുന്ന ഭിന്നശേഷിക്കാരനായ സന്തോഷിന്റെ നേതൃത്വത്തിൽ തമ്മനത്തെ വെൽക്കം ഓട്ടോ ഗാരേജിലെ മെക്കാനിക് താജുദ്ദീനാണ് ഓട്ടോറിക്ഷയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി നൽകിയത്. ഓട്ടോ ലഭിച്ചവരിൽ ലിജോ, ഫവാസ്, ഷബീർ എന്നിവർ വാഹനാപകടങ്ങളിൽ പരിക്കേറ്റ് അരക്കുതാഴേക്ക് തളർന്നവരാണ്. 15ാം വയസ്സിൽ പനിബാധിച്ചാണ് പെരുമ്പാവൂർ സ്വദേശി അജാസിന്റെ കാലുകൾക്ക് സ്വാധീനം നഷ്ടമായത്.

Tags:    
News Summary - Four young men with an auto on the track of hope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.