ജപ്തി ഒഴിവായി; സുധാകരന്‍റെ ഓണം 'പീസ് ഫുൾ'

കോതമംഗലം: ജപ്തി ഒഴിവായതിന്‍റെ സന്തോഷത്തിലാണ് സുധാകരന്‍റെ ഇത്തവണത്തെ ഓണം. പീസ് വാലിയുടെ ഇടപെടലാണ് സുധാകരന്‍റെ ഓണം മനോഹരമാക്കിയത്. ഒരായുഷ്കാലം മുഴുവൻ ജീവിച്ച വീട്ടിൽനിന്നും ജീവിത സായാഹ്നത്തിൽ തെരുവിലേക്ക് പോകേണ്ടി വരുമോ എന്ന ആശങ്കയിലായിരുന്നു കോതമംഗലം ഇരുമലപ്പടിയിലെ ഭിന്നശേഷിക്കാരനായ സുധാകരനും ഭാര്യ അമ്മിണിയും. അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ് സുധാകരൻ അരക്ക് താഴേക്ക് തളർന്ന് വീൽചെയറിലായിട്ട് 38 വർഷമായി. ഭാര്യയുടെ ചികിത്സക്കായി എടുത്ത സഹകരണ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് വീട് ജപ്തി ചെയ്യാൻ നോട്ടീസ് വന്നത്. 75,000 രൂപ വായ്പ എടുത്തത് തിരിച്ചടവുകൾ മുടങ്ങി പലിശ കൂടി രണ്ടര ലക്ഷം രൂപയോളമായിരുന്നു. ക്ഷേമ പെൻഷനും ബി.പി.എൽ റേഷൻ കാർഡും ഉപയോഗിച്ച് ജീവിതം മുന്നോട്ട് നീക്കുന്ന സുധാകരന് തുക തിരിച്ചടക്കുക തീർത്തും അപ്രാപ്യമായിരുന്നു.

സ്ഥലം വിൽപന നടത്തി ബാധ്യത തീർക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. അവസാന ശ്രമം എന്ന നിലയിലാണ് പീസ് വാലിയിൽ എത്തി സുധാകരൻ സങ്കടം അറിയിച്ചത്. ദയനീയ സ്ഥിതി ബാങ്ക് അധികൃതരുടെ മുന്നിൽ അവതരിപ്പിച്ച പീസ് വാലി ഭാരവാഹികൾ ബാങ്കിന്റെ പ്രത്യേക അദാലത്തിന്റെ പരിഗണനയിലേക്ക് വിഷയം എത്തിച്ചു. തിരിച്ചടവ് ശേഷിയില്ല എന്നതും മുതിർന്ന പൗരൻ, ഭിന്നശേഷിക്കാരൻ, പട്ടികവിഭാഗ കുടുംബം എന്നീ വസ്തുതകളും പീസ് വാലി ബാങ്കിന് മുന്നിൽ അവതരിപ്പിച്ചു. ഇതോടെ പലിശ ഇനത്തിലുള്ള തുക മുഴുവൻ ഇളവ് ചെയ്യാനുള്ള തീരുമാനം ബാങ്ക് കൈക്കൊണ്ടതോടെ സുധാകരന് പ്രതീക്ഷയായി. വായ്പ തുക, പീസ് വാലി ഭാരവാഹികൾ സ്വരൂപിച്ച് സുധാകരന് നൽകിയതോടെ തുക ബാങ്കിൽ അടച്ച് ആധാരം തിരികെ വാങ്ങി.

പീസ് വാലിയിലെ ഓണം സൗഹൃദ സംഗമത്തിൽ ചെയർമാൻ പി.എം. അബൂബക്കർ, വൈസ് ചെയർമാൻ രാജീവ്‌ പള്ളുരുത്തിയും ചേർന്ന് സുധാകരന് ആധാരം കൈമാറി. ജീവിത സായാഹ്നത്തിൽ ചക്രക്കസേരയിൽ തെരുവിലേക്ക് എത്തുമായിരുന്ന തന്നെയും ഭാര്യയെയും ചേർത്തുപിടിച്ച പീസ് വാലിക്ക് നിറകണ്ണുകളോടെ നന്ദി പറയുകയാണ് സുധാകരനും അമ്മിണിയും.

Tags:    
News Summary - Foreclosure waived; Sudhakaran's Onam 'Peace Full'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.