ജി​ല്ല ക​ല​ക്ട​ർ ജി. ​പ്രി​യ​ങ്ക​ വാ​ർ​ത്ത​സ​മ്മേ​ള​നത്തിൽ. ഇ​ല​ക്ഷ​ൻ ഡ്യൂട്ടി ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ സു​നി​ൽ മാ​ത്യു സമീപം  

തീവ്ര വോട്ടർപട്ടിക പരിഷ്കരണം; ജില്ലയിൽ വിതരണം ചെയ്തത് 3.21 ലക്ഷം എന്യൂമറേഷൻ ഫോം

കൊച്ചി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ. ആർ) നടപടികൾ ജില്ലയിൽ മികച്ചരീതിയിൽ പുരോഗമിക്കുന്നുവെന്ന് കലക്ടർ ജി. പ്രിയങ്ക വാർത്തസമ്മേളനത്തിൽ അറിയിച്ചു. നാല് ദിവസത്തിനുള്ളിൽ 3,21,229 എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തു. കൂടുതൽ ഫോം വിതരണം ചെയ്തത് കുന്നത്തുനാട് താലൂക്കിലാണ്-32,556.

ജില്ലയിലെ മുഴുവൻ വോട്ടർമാർക്കും ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) വഴി എന്യൂമറേഷൻ ഫോം എത്തിക്കും. ആകെ 2,325 ബി.എൽ.ഒമാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. വളരെ സുതാര്യവും ആയാസരഹിതവുമായ നടപടിയാണ് വോട്ടർപട്ടിക പരിഷ്കരണം.

ജനങ്ങൾ ആശങ്കപ്പെടേണ്ട ഒരുസാഹചര്യവും ഇല്ല. ഡിസംബർ നാല് വരെ നീളുന്ന പരിഷ്കരണ നടപടികളിൽ ആദ്യഘട്ടത്തിൽ എന്യൂമറേഷൻ ഫോം വിതരണത്തിനാണ് ഊന്നൽ നൽകുക. തുടർന്നുള്ള ഘട്ടങ്ങളിലാണ് പൂരിപ്പിച്ച ഫോം തിരികെ വാങ്ങൽ. എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതോടൊപ്പം തന്നെ ഫോം പൂരിപ്പിച്ച് തിരികെവാങ്ങും.

വീട്ടിൽ ആളുണ്ടായിരുന്നില്ലേ...? ആശങ്ക വേണ്ട

ബി.എൽ.ഒമാർ എത്തുമ്പോൾ വീട്ടിൽ ആരും ഇല്ലാത്ത സാഹചര്യമുണ്ടായാലും ആശങ്കപ്പെടേണ്ടതില്ല. ആളില്ല എങ്കിൽ അത്തരം വീടുകളിൽ മൂന്ന് തവണ ബി.എൽ.ഒമാർ എത്തും. തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളോട് എല്ലാ ജനങ്ങളും സഹകരിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു. റെസിഡന്റ്സ് അസോസിയേഷനുകളുടെയും ഫ്ലാറ്റ് അസോസിയേഷനുകളുടെയും പ്രത്യേക സഹകരണം ആവശ്യമാണ്.

രണ്ടാം ശനിയും ഞായറാഴ്ചയും (നവംബർ 8, 9) ജില്ല ഭരണകൂടവും ബി.എൽ.ഒമാർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പരമാവധി പേരിലേക്ക് ഫോം എത്തിക്കാൻ രംഗത്ത് ഉണ്ടാകും. അവധി ദിനങ്ങൾ ആയതിനാൽ ആളുകൾ വീടുകളിൽ ഉണ്ടാകുമെന്നത് പരിഗണിച്ചാണ് ഈ നടപടി. കലക്ടറേറ്റിൽ നടന്ന വാർത്തസമ്മേളനത്തിൽ ഇലക്ഷൻ ഡ്യൂട്ടി ഡെപ്യൂട്ടി കലക്ടർ സുനിൽ മാത്യു, ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

‘വോട്ടിന്റെ വില’ ഹ്രസ്വചിത്രം പുറത്തിറക്കി

വോട്ടിന്റെ വില പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനായി ലോക്കല്‍ ബോഡി ഇലക്ഷൻ അവയര്‍നസ് പ്രോഗ്രാമിന്‍റെ (ലീപ്) നേതൃത്വത്തിൽ ഹ്രസ്വചിത്രം പുറത്തിറക്കി. വോട്ടിന്റെ വില എന്ന പേരിൽ ഒരുക്കിയ ഹ്രസ്വചിത്രം ജില്ല കലക്ടർ ജി. പ്രിയങ്കയാണ് പുറത്തിറക്കിയത്. കളമശ്ശേരി എസ്.സി.എം.എസ് കോളജിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഹ്രസ്വചിത്രം ഒരുക്കിയത്.

കോളജിലെ വിദ്യാർഥികൾ തന്നെയാണ് അഭിനേതാക്കളായതും. കണയന്നൂർ താലൂക്ക് തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടിസ് എഴുതിയ കഥക്ക് ഇടക്കൊച്ചി വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റൻറ് പാർവതി മനതാനത്ത് തിരക്കഥ ഒരുക്കി. സംവിധാനം ബിജു മാഞ്ഞാലിയും ഛായാഗ്രഹണം ശിവൻ മലയാറ്റൂരുമാണ് നിർവഹിച്ചത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ സുനിൽ മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എൻ.ബി. ബിജു, കണയന്നൂർ താലൂക്ക് തഹസിൽദാർ ജോസഫ് ആൻറണി ഹർട്ടിസ് എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Intensive voter list revision; 3.21 lakh enumeration forms distributed in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.