മൂവാറ്റുപുഴ നഗരസഭ; ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണ, പ്രതിപക്ഷ കക്ഷികൾ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ അക്രമസംഭവങ്ങൾക്കും കേസുകൾക്കും പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി ഭരണ, പ്രതിപക്ഷ കക്ഷികൾ രംഗത്ത്. നഗരസഭയിൽ സി.എഫ്.സി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഭരണ, പ്രതിപക്ഷ കക്ഷികൾ തമ്മിലുണ്ടായ സംഘർഷം വിവാദമായ പശ്ചാത്തലത്തിലാണിത്. സി.എഫ്.സി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കൗൺസിൽ പാസാക്കിയ പദ്ധതികൾക്ക് തടയിടാൻ ജില്ല ആസൂത്രണ സമിതിക്ക് മുന്നിൽ പ്രതിപക്ഷം തടസ്സവാദങ്ങൾ ഉന്നയിക്കുന്നത് കടുത്ത ജനദ്രോഹമാണെന്ന് മുനിസിപ്പൽ ചെയർപേഴ്സൻ ജോയ്‌സ് മേരി ആന്റണി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പദ്ധതികൾ മുടക്കാൻ സി.പി.എം-ബി.ജെ.പി സംയുക്തമായി നടത്തുന്ന നീക്കങ്ങളിലൂടെ നഗരത്തിന് അനുവദിച്ച ഒമ്പത് കോടിയുടെ വികസന ഫണ്ട് നഷ്ടമാകുന്ന സാഹചര്യമുണ്ടായാൽ പൂർണ ഉത്തരവാദിത്തം പ്രതിപക്ഷത്തിനായിരിക്കുമെന്നും അവർ കുറ്റപ്പെടുത്തി. സർക്കാർ മാനദണ്ഡങ്ങളും മുൻഗണനകളും പാലിച്ച് കൃത്യമായാണ് ഫണ്ട് വിനിയോഗം തീരുമാനിച്ചത്.

പ്രതിപക്ഷ വാർഡുകൾക്ക് ഫണ്ട് അനുവദിച്ചില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അവർ പറഞ്ഞു. ഫണ്ട് വിനിയോഗത്തിന്റെ പേരിൽ ഒക്ടോബർ 28ന് നഗരസഭ ചെയർപേഴ്സൻ ജോയ്സ് മേരി ആന്റണിയുടെ മുറി ഉപരോധിച്ച് വനിത ജനപ്രതിനിധികളെ മാനസികമായി പീഡിപ്പിക്കാനും കൈയേറ്റം ചെയ്യാനുമാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത യു.ഡി.എഫ് ചെയർമാൻ കെ.എം. സലിം പറഞ്ഞു. യു.ഡി.എഫ് കൺവീനർ കെ.എം. അബ്ദുൽ മജീദ്, ഡി.സി.സി ജനറൽ സെക്രട്ടറി പി.പി. എൽദോസ്, വൈസ് ചെയർപേഴ്സൻ പി.എം. അബ്ദുൽ സലാം, കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റെജി ജോർജ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ അസം ബീഗം, പി. രജിത, ഷഹന മഹിൻ എന്നിവർ പങ്കെടുത്തു.

അഴിമതി നിറഞ്ഞ യു.ഡി.എഫ് കൗൺസിലിന്റെ അവകാശവാദങ്ങൾ തട്ടിപ്പാണെന്ന് സി.പി.എം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. തട്ടിപ്പ് ജനം തിരിച്ചറിഞ്ഞപ്പോൾ പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കള്ളപ്പരാതി നൽകി ചെയർപേഴ്സനും യു.ഡി.എഫ് നേതാക്കളും പ്രസ്താവന നടത്തുന്നത് ജനങ്ങൾക്ക് മുന്നിൽ രക്ഷപ്പെടാനാണ്. ചെയർപേഴ്സന്റെ നേതൃത്വത്തിൽ ഗുണ്ടാവിളയാട്ടമാണ് നടത്തിയത്. പ്രതിപക്ഷ കൗൺസിലർമാരുടെ വാർഡുകളിലേക്കുള്ള തുക അനുവദിക്കാത്തതിനാണ് പ്രതിഷേധിച്ചതെന്നും അവർ പറഞ്ഞു.

ത്രിവേണി ഓണാഘോഷത്തിന്റെ മറവില്‍ നടന്ന സാമ്പത്തിക തട്ടിപ്പും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വീതം വെക്കുന്നതില്‍ വിവേചനം കാണിക്കുകയും ചെയ്തത് മറച്ചുവെക്കാനാണ് നഗരസഭ ചെയര്‍പേഴ്‌സൻ ജോയ്‌സ് മേരി ആന്റണി ഇരവാദമുയര്‍ത്തി രംഗത്ത് വന്നിരിക്കുന്നതെന്ന് ബി.ജെ.പി നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്‍റ് ടി. ചന്ദ്രൻ , പി.യു. ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ ജി. മനോജ്, രാജശ്രീ രാജു എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Muvattupuzha Municipality: Ruling, Opposition Trade Charges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.