മൂവാറ്റുപുഴ: അജ്ഞാത രോഗം ബാധിച്ച് അഞ്ച് വയോധികർ മരിച്ച മൂവാറ്റുപുഴ മുറിക്കല്ലിലെ സ്നേഹാലയം അഭയകേന്ദ്രത്തിലും രോഗബാധിതരായ ആറു പേരെ ചികിത്സക്കായി പ്രവേശിപ്പിച്ച ജനറൽ ആശുപത്രിയിലും ആരോഗ്യ വകുപ്പിന്റെ വിവിധ സംഘങ്ങൾ പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ തുടങ്ങിയ പരിശോധന വൈകീട്ടാണ് അവസാനിച്ചത്. എറണാകുളം മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ, മൈക്രോ ബയോളജി വിഭാഗങ്ങളിൽ നിന്നുള്ള ഡോ. ബിന്ദുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരും ജില്ല മെഡിക്കൽ ഓഫിസിൽ നിന്ന് ഡോ. രശ്മിയുടെ നേതൃത്വത്തിലുള്ളവരും അടങ്ങുന്ന സംഘമാണ് രണ്ടിടങ്ങളിലും പരിശോധിച്ചത്. മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ട് അനിതാബാബുവിന്റെ നേതൃത്വത്തിൽ ത്വക്ക് രോഗ വിദഗ്ധരുടെ സംഘം അഭയകേന്ദ്രത്തിലും പരിശോധന നടത്തി.
ഞായറാഴ്ച രാവിലെ അഭയകേന്ദ്രം നടത്തിപ്പുകാർ 18 അന്തേവാസികളെ തൊട്ടടുത്ത കെട്ടിടത്തിലേക്ക് മാറ്റിയശേഷം അഭയകേന്ദ്രം അണുമുക്തമാക്കിയിരുന്നു. ഉച്ചയോടെ തിരിച്ച് എത്തിക്കുകയും ചെയ്തു.
തിങ്കളാഴ്ച നടത്തിയ പരിശോധനകളുടെ ഫലം അടുത്ത ദിവസമേ ലഭ്യമാകൂ. ത്വക്ക് രോഗം ബാധിച്ചവർക്ക് പ്രമേഹം പോലുള്ളവയുണ്ടെങ്കിൽ വളരെ പെട്ടെന്ന് രോഗ വ്യാപനത്തിനും ഗുരുതരാവസ്ഥയിലേക്ക് മാറാനും സാധ്യതയുണ്ടെന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് അനിത ബാബു പറഞ്ഞു. സാമ്പിളുകളുടെ പരിശോധന ഫലം വന്നാലെ അന്തിമതീരുമാനത്തിൽ എത്താൻ കഴിയൂ. മരണമടഞ്ഞ രോഗികളുടേതടക്കം രക്തസാമ്പിളുകളുടെയും മറ്റും പരിശോധന ഫലങ്ങൾ തിങ്കളാഴ്ചയും ലഭ്യമായില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടും ലഭിച്ചിട്ടില്ല. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് നഗരസഭയുടെ വയോജന അഭയ കേന്ദ്രമായ സ്നേഹാലയത്തിൽ രണ്ട് വയോധികരെ മരിച്ചനിലയിൽ കണ്ടെത്തിയത്. 15ദിവസത്തിനിടെ ഒരേ രോഗലക്ഷണങ്ങളോടെ അഞ്ച് പേരാണ് ഇവിടെ മരിച്ചത്.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, വയോധികമാർ മരിച്ച സംഭവത്തിൽ താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റി അഭയകേന്ദ്രം നടത്തിപ്പുകാർ, ആരോഗ്യ വിഭാഗം അധികൃതർ, നഗരസഭ അധികൃതർ തുടങ്ങിയവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.
ജില്ല ലീഗൽ സർവിസ് കമ്മിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രഞ്ജിത്ത് കൃഷ്ണന്റെ നിർദേശ പ്രകാരമായിരുന്നു നടപടി.
മൂവാറ്റുപുഴ: അഭയകേന്ദ്രത്തിലെ ജീവനക്കാർക്കെതിരെ ഗുരുതര ആരോപണവുമായി അന്തേവാസികൾ. മരണമടഞ്ഞവരിൽ കണ്ട രോഗലക്ഷണവുമായി ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറ് അന്തേവാസികളെ തിങ്കളാഴ്ച നഗരസഭ സ്ഥിരം സമിതി അധ്യക്ഷ പ്രമീള ഗിരീഷ് കുമാറും ഐ.സി.ഡി.എസ് ഓഫിസർ നൈനിയും സന്ദർശിച്ചപ്പോഴാണ് ജീവനക്കാരുടെ ക്രൂരമർദനം ഉൾപ്പെടെ അന്തേവാസികൾ വെളിപ്പെടുത്തിയത്.
ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റും രണ്ട് ജീവനക്കാരുെണ്ടങ്കിലും ഇവർ ഭക്ഷണം കഴിച്ച പാത്രങ്ങൾ വരെ തങ്ങൾ കഴുകണമെന്ന് അന്തേവാസികൾ പറഞ്ഞു. തീരെ അവശരായ തങ്ങളെക്കൊണ്ടാണ് മുറ്റം അടിപ്പിക്കുന്നതും സമീപ പറമ്പുകളിൽനിന്നും വിറകു ശേഖരിപ്പിക്കുന്നതും. പറമ്പിലെ പുല്ല് പറിക്കുന്ന ജോലിയും ചെയ്യണം.
അനുസരിച്ചില്ലെങ്കിൽ മർദനം ഏൽക്കേണ്ടിവരും. ഗുളിക കഴിച്ചില്ലെന്ന പേരിൽ മുഖത്തടിച്ച് രണ്ട് പല്ലുകൾ പൊഴിച്ചതായി 70 കാരി പറഞ്ഞു. 73 കാരിയായ മറ്റൊരു അന്തേവാസിയും ഇതേ പരാതി ഉന്നയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.