ആലുവ മേഖലയിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു

ആലുവ: നഗരത്തിലും പരിസര ഗ്രാമങ്ങളിലും മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്നു. ആലുവയിലും സമീപപ്രദേശങ്ങളായ കീഴ്മാട്, വാഴക്കുളം തുടങ്ങിയ ഗ്രാമീണ മേഖലകളിൽ യുവാക്കളിലും വിദ്യാർഥികളിലുമടക്കം കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം വർധിക്കുകയാണ്. നഗരത്തിന് പുറമെ കീഴ്മാട്, മാറംപള്ളി, കുട്ടമശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലാണ് മയക്ക് മരുന്ന് കച്ചവടം വ്യാപകമായി നടക്കുന്നത്. മറ്റുചില ഗ്രാമീണ പ്രദേശങ്ങളിലും ലഹരി ഇടപാടുകൾ നടക്കുന്നുണ്ട്. അധികം ആൾ സഞ്ചാരമില്ലാത്ത പാടങ്ങളിലൂടെയുള്ള റോഡുകളിലും, പാലങ്ങൾക്ക് മറവിൽ നിന്നുമാണ് കച്ചവടക്കാർ പൊതികൾ ഇരകൾക്ക് കൈമാറുന്നത്.

ഓരോ ദിവസവും കഞ്ചാവിനപ്പുറം മാരകമായ മയക്ക് മരുന്നുകൾക്കാണ് യുവാക്കൾ അടിമപ്പെട്ടുകൊണ്ടിരിക്കുന്നത്. മാന്യൻമാരായി നടക്കുന്നവർ വരെ കച്ചവട കണ്ണികളിലുണ്ട്. മറ്റ് വ്യാപാരങ്ങളുടെ മറവിൽ മയക്കുമരുന്ന് കച്ചവടം പൊടിപൊടിക്കുകയാണ്. അത്തരത്തിലുള്ള ഇടപാടുകൾ സജീവമാണെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസം കുട്ടമശ്ശേരി ചാലക്കൽ പാലത്തിന് സമീപം ആക്രിക്കടയിൽ നടന്ന മയക്കുമരുന്ന് വേട്ട. ചാലക്കൽ പാലത്തിനുസമീപം പ്രവർത്തിക്കുന്ന ആക്രി കടയിൽനിന്നും കഴിഞ്ഞ ബുധാനാഴ്ച്ച രാത്രി പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിൽ കാലടി പൊലീസ് നടത്തിയ റെയ്ഡിൽ അര കിലോ കഞ്ചാവും 15 ഗ്രാം എം.ഡി.എം.എയും പിടികൂടിയിരുന്നു. കൂടാതെ ഇതെല്ലാം തൂക്കി നൽകുന്നതിനുള്ള ഉപകരണങ്ങളും ഒരു തോക്കും ഇവിടെ നിന്ന് പിടികൂടി.

കട നടത്തിപ്പോന്നിരുന്ന ശ്രീമൂലനഗരം കണിയാംകുടി അജിനാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൻറെ തലേ ദിവസം ആക്രിക്കട നടത്തിപ്പുകാരനായ അജിനാസിനെയും , ചൊവ്വര തെറ്റാലി സ്വദേശി സുഫിയാൻ, കാഞ്ഞിരക്കാട് സ്വദേശി അജ്മൽ അലിയെയും 11.200 ഗ്രാം എം.ഡി.എം.എ , 8.6 കിലോ കഞ്ചാവ് എന്നിവയുമായി മാറംപള്ളി പാലത്തിന് സമീപത്തുനിന്ന് കാലടി പൊലീസ് പിടികൂടിയിരുന്നു. ഇതേ തുടർന്ന് നടന്ന അന്വേഷണത്തിലാണ് ചാലയ്ക്കലിൽ ആക്രിക്കടയുടെ മറവിൽ നടക്കുന്ന മയക്കുമരുന്നും സാമഗ്രികളും പിടികൂടിയത്. ഈ മേഖലകളിലെല്ലാം തന്നെ വലിയ തോതിൽ കഞ്ചാവ് മാഫിയ തമ്പടിക്കുന്നതായി പൊതുജനങ്ങളിൽ നിന്നും പരാതി ഉയർന്നിരുന്നു. രാപകൽ ഭേദമന്യ ബൈക്കുകളിലും, മറ്റ് വാഹനങ്ങളിലുമെത്തി വിൽപന സജീവമാണ്. ചിലയിടങ്ങളിൽ സ്ത്രീകളും വിൽപനക്കാരായും ഉപഭോക്താക്കളായും ഉണ്ട്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും ലഹരി പദാർത്ഥങ്ങൾ എത്തിച്ച് വിതരണം ചെയ്യുന്ന മാഫിയ ഗ്രാമീണ മേഖലകളിലടക്കം സജീവമാണ്. ആലുവ റെയിൽവേ സ്‌റ്റേഷൻ വഴിയാണ് പലപ്പോഴും ലഹരി വസ്തുക്കൾ എത്താറുള്ളത്. അന്തർ സംസ്ഥാന തൊഴിലാളികളുടെ മറവിൽ ലഹരി ഇടപാടുകൾ നടത്തുന്നവരും ധാരാളമുണ്ട്. തൊഴിലാളികളെന്ന പേരിൽ എത്തുന്ന ഇവർ ലേബർ ക്യാമ്പുകളിലും മറ്റും തങ്ങിയാണ് ഇടപാടുകൾ നടത്തുന്നത്. അന്തർ സംസ്ഥാന തൊഴിലാളികൾ, നാട്ടുകാരായ യുവാക്കൾ, വിദ്യാർഥികൾ തുടങ്ങിയവരാണ് ഇവരുടെ ഇരകൾ.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ വലയിലാകുന്നതാകട്ടെ ഇടത്തട്ടിലുള്ള ആളുകളാണ്. വമ്പൻ സ്രാവുകൾ പലപ്പോളും രക്ഷപ്പെട്ടുകയാണ്. പല പ്രദേശങ്ങളിലും അസമയങ്ങളിലും മറ്റും സംശയാസ്പദമായ രീതിയിൽ യുവാക്കളെയടക്കം നാട്ടുകാർ കാണുന്നുണ്ടെങ്കിലും അധികൃതരെ അറിയിക്കാത്തതുകൊണ്ട് കച്ചടവം സുഗമമായി നടക്കുന്നു. പരാതി നൽകുന്നവരെ ലഹരിമരുന്ന് മാഫിയയുടെ അക്രമി സംഘം ഉപദ്രവിക്കുമെന്ന ഭയത്താൽ നാട്ടുകാർ മൗനം പാലിക്കുന്നത് ലഹരിമാഫിയക്ക് വളമാകുന്നുണ്ട്. ലഹരി മാഫിയകൾക്ക് സുരക്ഷക്കായി ക്വാട്ടേഷൻ സംഘങ്ങളുമുണ്ട്. അതിനാൽ തന്നെ അക്രമം ഭയന്നാണ് ലഹരി മാഫിയക്കെതിരെ പരാതിപ്പെടാൻ നാട്ടുകാർ തയ്യാറാകാത്തത്.

Tags:    
News Summary - Drug mafia seizes Aluva area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.