ദേശീയപാത തോട്ടക്കാട്ടുകര കവലയിലെ പഴയ മീഡിയൻ

അപകട ഭീഷണിയുയർത്തി ദേശീയപാതയിലെ പഴയ മീഡിയൻ

ആലുവ: അപകട ഭീഷണിയുയർത്തി ദേശീയപാതയിലെ പഴയ മീഡിയൻ. അപകടങ്ങൾക്ക് കാരണമാകുന്ന ദേശീയപാത തോട്ടക്കാട്ടുകര കവലയിലെ അശാസ്ത്രീയ മീഡിയൻ നിക്കം ചെയ്യാൻ ദേശീയപാത അധികൃതർ തയാറാകുന്നില്ല. ഇതുമൂലം ഈ ഭാഗത്ത് പലപ്പോഴും അപകടങ്ങളുണ്ടാകാറുണ്ട്. നിരവധി അപകടങ്ങൾക്ക് ഇടയാക്കിയ മീഡിയൻ പലരുടെയും ജീവനെടുത്തിട്ടുമുണ്ട്.

മാർത്താണ്ഡ വർമ്മ പാലത്തിന് സമാന്തര പാലം വന്നതോടെ തോട്ടക്കാട്ടുകര കവല കുപ്പിക്കഴുത്തായി മാറുകയും ഗതാഗത കുരുക്ക് വർധിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പറവൂർ കവലക്കും തോട്ടക്കാട്ടുകരക്കും ഇടയിൽ വീതി കൂട്ടാൻ സ്ഥലം ഏറ്റെടുത്തെങ്കിലും നിർമാണം മുന്നോട്ട് പോയില്ല. ഇതിനിടയിൽ നഗരസഭ അധികൃതർ ഇടപെട്ടതോടെ തോാട്ടക്കാട്ടുകര കവലയിൽ മാത്രം കുറച്ച് വീതി കൂട്ടി. റോഡിൻറെ വളവുകൂടി നിവർത്തിയപ്പോൾ പഴയ ദിശയിലുള്ള റോഡിൻറെ പടിഞ്ഞാറ് വശത്തെ ഭാഗം ഇപ്പോൾ സർവീസ് റോഡ് പോലെ കിടക്കുകയാണ്.

എന്നാൽ, ഈ ഭാഗം സർവീസ് റോഡാക്കി അതിർത്തി കെട്ടുകയോ പഴയ മീഡിയൻ എടുത്തു കളയുകയോ ചെയ്തിട്ടില്ല. ഇതുമൂലം പാലം ഇറങ്ങി ചെല്ലുന്ന വാഹനങ്ങൾ രണ്ടുവഴിയിലൂടെയും ഓടുന്നുണ്ട്. ഇതാണ് വാഹനാപകടങ്ങൾക്ക് ഇടയാക്കുന്നത്.  പഴയ മീഡിയനിൽ വാഹനങ്ങൾ ഇടിച്ചു കയറി ഇതിനകം നിരവധി അപകടങ്ങളാണുണ്ടായിട്ടുള്ളത്. ചില അപകടങ്ങൾ യാത്രക്കാരുടെ മരണങ്ങൾക്കും ഇടനൽകി. രാത്രി കാലങ്ങളിൽ അപരിചിതർ പലപ്പോഴും മീഡിയനിൽ ഇടിച്ച് കയറാറുണ്ട്. വർഷങ്ങളായി ഈ അവസ്‌ഥയിൽ തുടരുന്നു.

വർഷങ്ങൾക്ക് മുമ്പ് ട്രാഫിക് അഡ്വൈസറി കമ്മിറ്റി ഉടൻ  മീഡിയൻ പൊളിച്ചുകളയാൻ ദേശീയപാത അധികൃതർക്ക് അന്ത്യശാസനം നൽകിയിരുന്നു. അവർ പൊളിച്ചില്ലെങ്കിൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കാനും തീരുമാനമെടുത്തിരുന്നു. എന്നാൽ, ദേശീയപാത അധികൃതരോ കമ്മിറ്റിയോ ഇതുവരെ മീഡിയൻ നീക്കം ചെയ്യാൻ തയാറായിട്ടില്ല. 

Tags:    
News Summary - The old median of the National Highway threatened with danger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.