അറസ്റ്റിലായ പ്രതികൾ

പരിചയം നടിച്ച്​ കഥകളി കലാകാരന്‍റെ സ്വർണമാലയും മൊബൈൽ ഫോണും ബൈക്കും തട്ടിയെടുത്തു; നാലുപേർ അറസ്റ്റിൽ

ആലുവ: കഥകളി കലാകാരനായ യുവാവിനെ മർദിച്ച് സ്വർണമാലയും മൊബൈൽ ഫോണും ബൈക്കും തട്ടിയെടുത്ത നാല​ുപേർ അറസ്റ്റിൽ. ചാലക്കുടി കൊന്നക്കുഴി കുന്നുമ്മേൽ വീട്ടിൽ ബാലു (22) കിടങ്ങയത്ത് വീട്ടിൽ ശരത് (20) മേലൂർ പ്ലാക്ക വീട്ടിൽ അഖിൽ (18), നാലുകെട്ട് പുത്തൻ പുരക്കൽ അനീറ്റ് ജോയി (21) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒക്​ടോബർ 18ന് രാത്രി ആലുവ മണപ്പുറത്തിന് സമീപമാണ് സംഭവം. കഥകളിയിലെ മദ്ദള കലാകാരനായ ജിതിൻ ചന്ദ്രൻ ബസ്​സ്റ്റാൻഡ് പരിസരത്ത് ബൈക്ക് വെച്ച് ചെർപ്പുളശേരിയിൽ കഥകളിക്ക്​ പോയതായിരുന്നു. തിരിച്ചുവന്നപ്പോൾ അങ്കമാലിയിലാണ് ബസിറങ്ങിയത്. സ്റ്റാൻഡിൽ വെച്ച് പരിചയപ്പെട്ട ഈ സംഘവുമൊത്താണ് ആലുവയിലേക്ക് എത്തിയത്.

ഇവർ ജിതിനെ മണപ്പുറത്തെത്തിച്ച് മർദിക്കുകയും മാലയും മൊബൈലും പിടിച്ചുപറിക്കുകയും സ്റ്റാൻഡിൻറെ പരിസരത്തിരുന്ന ബൈക്കുമായി കടന്നുകളയുകയുമായിരുന്നു. അവശനായ ഇയാൾ റോഡിലെത്തി പൊലീസിനെ വിവരം അറിയിച്ചു. ജില്ല പൊലീസ് മേധാവി കെ. കാർത്തികിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ, ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നാണ് പിടികൂടിയത്.

ഇരുപത്തിയഞ്ചോളം സി.സി.ടി.വി കാമറകളും വാഹനങ്ങളും പരിശോധിച്ചും നിരവധി പേരെ ചോദ്യം ചെയ്തുമാണ് പ്രതികളിലേക്കെത്തിയത്. പിതാവിനെ കൊലപ്പെടുത്തിയതുൾപ്പടെ എട്ട് കേസുകളിലെ പ്രതിയാണ് സംഘത്തലവനായ ബാലു. ഇവർ മോഷ്​ടിച്ച ബൈക്ക് കളമശ്ശേരിയിൽനിന്നും കണ്ടെടുത്തു.

രണ്ടര പവന്‍റെ മാല തൃശൂരിൽ 80,000 രൂപക്ക്​ വിറ്റെന്ന് പ്രതികൾ സമ്മതിച്ചു. ഇൻസ്പെക്ടർ സി.എൽ. സുധീർ, എസ്.ഐമാരായ ആർ. വിനോദ്, ജോയി മത്തായി, പി.കെ. ശിവാസ്, എ.എസ്.ഐ സോജി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, ഹാരിസ്, കെ.ബി. സജീവ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. 

Tags:    
News Summary - the Kathakali artist's gold necklace, mobile phone and bike were stolen; Four arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.