തകരാറിലായ മിനി ലോറിയിൽ നിന്ന് പൊലീസ് മണൽ ഇറക്കിക്കുന്നു

ലോറി തകരാറിലായി; മണൽ കടത്തുകാർ പൊലീസ് പിടിയിൽ

കീഴ്മാട്: അനധികൃതമായി മണൽ കൊണ്ടുപോകുന്നതിനിടെ മിനി ലോറി തകരാറിലായതിനെ തുടർന്ന് മണൽ കടത്തുകാർ പൊലീസ് പിടിയിലായി. തോട്ടുമുഖം മഹിളാലയം കവലക്ക് സമീപമാണ് സംഭവം. പുഴയുടെ ചേർന്ന ആളൊഴിഞ്ഞ പുരയിടം വഴി മിനി ലോറി കൊണ്ടുവന്നാണ് പെരിയാറിൽ നിന്ന് മണൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

വ്യാഴാഴ്ച്ച അർധരാത്രയായിരുന്നു മണൽ കടത്ത്. ഇവിടെ നിന്ന് മെയിൻ റോഡിലേക്കുള്ള ഇടവഴിയിൽ വച്ച് ലോറിയുടെ ടയർ കുഴിയിൽ കുടുങ്ങുകയായിരുന്നു. ഇതേതുടർന്ന് ജെ.സി.ബി ഉപയോഗിച്ച് ലോറി പൊക്കിമാറ്റാൻ ശ്രമിച്ചതോടെ ആക്‌സിൽ ഒടിഞ്ഞു. ഇതോടെ ലോറി ഇവിടെ കുടുങ്ങി. രാവിലെ ലോറിയും മണലും കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് വന്ന് മണൽ ഇറക്കിയ ശേഷം ലോറി ശരിപ്പെടുത്തുകയും മണലും ലോറിയും കസ്‌റ്റഡിയിൽ എടുക്കുകയുമായിരുന്നു.

പെരിയാറിൽ മണൽവാരൽ നിർബാധം തുടരുന്നതായി കാലങ്ങളായി ആരോപണമുണ്ട്. രാത്രികാലങ്ങളിൽ മണൽവാരൽ നിത്യേന നടക്കുന്നുണ്ട്. ഈ വിവരം പൊലീസ് അധികാരികളെ അറിയിക്കുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടാകാറില്ല. ബോട്ട് സംവിധാനം ഇല്ലാത്തതുകൊണ്ട് നടപടിയെടുക്കാൻ സാധ്യമല്ല എന്നാണ് അധികാരികൾ പറയുന്നതത്രെ. മണൽ മാഫിയകൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് എഡ്രാക്ക് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെരീം കല്ലുങ്കൽ ഡിവൈ.എസ്.പിയോട് ആവശ്യപ്പെട്ടു. പെരിയാറിനെ സംരക്ഷിക്കുന്ന കാര്യത്തിൽ അതീവ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Sand smugglers arrested by police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.