ആലുവ: അടച്ചുപൂട്ടലിെൻറ വക്കിൽനിന്ന് മികച്ച സ്കൂളുകളുടെ നിരയിലേക്ക് ഉയർത്തിയ അധ്യാപിക നിറഞ്ഞ മനസ്സോടെ പടിയിറങ്ങി. കോട്ടപ്പുറം ഗവ.എൽ.പി സ്കൂളിന് പുനർജന്മം നൽകിയ പ്രധാന അധ്യാപിക സാജിത ടീച്ചറാണ് പടിയിറങ്ങിയത്. പ്രധാന അധ്യാപികയായി ചുമതലയേൽക്കുമ്പോൾ രണ്ട് വിദ്യാർഥികൾ മാത്രമുണ്ടായിരുന്ന സ്കൂളിന് പത്ത് വർഷം കൊണ്ട് നിറയെ വിദ്യാർഥികളെ നൽകിയാണ് ടീച്ചർ മാതൃകയായത്. 1987 ൽ മലപ്പുറം താനൂർ ടൗൺ യു.പി സ്കൂളിലാണ് തോട്ടുമുഖം സ്വദേശിനിയായ സാജിത അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. എറണാകുളം ജില്ല പി.എസ്.സി ലിസ്റ്റിലും ഉണ്ടായിരുന്നതിനാൽ 1990 ൽ ബിനാനിപുരം സ്കൂളിൽ അധ്യാപികയായി. നോർത്ത് വാഴക്കുളം ഗവ.യു.പി സ്കൂൾ, കുട്ടമശ്ശേരി ഗവ. സ്കൂൾ എന്നിവിടങ്ങളിലായി 24 വർഷം അധ്യാപികയായി.
2011 ലാണ് പ്രധാന അധ്യാപികയായി സ്ഥാനക്കയറ്റം ലഭിച്ചത്. എന്നാൽ, അധ്യാപക ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി മാറുകയായിരുന്നു ആ സ്ഥാനക്കയറ്റം. കോട്ടപ്പുറം സ്കൂളിൽ പ്രധാന അധ്യാപികയായി ചാർജെടുത്തപ്പോൾ അവിടെ ഉണ്ടായിരുന്നത് രണ്ട് കുട്ടികൾ മാത്രം. ഏത് സമയവും സ്കൂളിന് താഴ് വീഴുമെന്ന അവസ്ഥ. പൊതു വിദ്യാഭ്യാസ മേഖലയെ ഏറെ സ്നേഹിക്കുന്ന സാജിത ടീച്ചറെ ഇത് വിഷമത്തിലാക്കി. എന്നാൽ, തോറ്റു കൊടുക്കാൻ അവർ തയാറായിരുന്നില്ല. നാട്ടുകാരെ കൂട്ടി അവർ പൊരുതി. സ്കൂളിൽ പി.ടി.എ കമ്മിറ്റി ഇല്ലാതിരുന്നതിനാൽ നാട്ടുകാരെ ഉൾപ്പെടുത്തി സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ്പുണ്ടാക്കി. ഇത് ഏറെ ഗുണം ചെയ്തു. ഇതുവഴി നിരവധി കുട്ടികളെ തുടക്കത്തിൽ തന്നെ ലഭിച്ചു. കൂടുതൽ സൗകര്യമൊരുക്കിയാൽ കുട്ടികളെ വീണ്ടും കിട്ടുമെന്നതിനാൽ ആ വഴിക്കായി പിന്നീടുള്ള നീക്കങ്ങൾ. ഇതിെൻറ ഭാഗമായി എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കാൻ ശ്രമിച്ചു. സർക്കാറിൽ നിന്ന് ഒരു ക്ലാസ് റൂം ലഭിച്ചു. മറ്റുള്ളവരുടെ സഹായത്തോടെ സാജിത ടീച്ചർ എല്ലാ ക്ലാസ് റൂമും സ്മാർട്ടാക്കി. ഇതോടൊപ്പം മറ്റ് ഭൗതിക സൗകര്യങ്ങളും ഒരുക്കി. കെട്ടിടവും സ്കൂൾ വളപ്പും മനോഹരമാക്കി.
നക്ഷത്ര വനം, വിവിധയിനം ഫലവൃക്ഷങ്ങളുടെ ''മധുര വനം'', അപൂർവങ്ങളായ ഔഷധസസ്യത്തോട്ടം എന്നിവ ഉൾപ്പെടെ ഒരേക്കറോളം സ്ഥലത്ത് ജൈവവൈവിധ്യ പാർക്ക് തയാറാക്കി.2011 ൽ നട്ട ആൽമരം ഇപ്പോൾ വളർന്ന് പന്തലിച്ച് നിൽക്കുന്നു. കലാമേളകളിലും ശാസ്ത്രമേളകളിലും സ്കൂൾ വിജയം കൈവരിച്ചു.വിദ്യാഭ്യാസ വകുപ്പിൽനിന്നും ലഭിച്ച അവാർഡുകൾക്ക് പുറമെ മറ്റ് പല പുരസ്കാരങ്ങളും പത്ത് വർഷത്തിനിടയിൽ കരസ്ഥമാക്കിയിട്ടുണ്ട്.ഇപ്പോൾ 150 ഓളം കുട്ടികൾ ഉണ്ട്. മഴവെള്ള സംഭരണി ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും വിവിധ ഏജൻസികളിൽ നിന്നും ഫണ്ട് ലഭ്യമാക്കി സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.