പഞ്ചായത്ത്‌ രണ്ടാം വാർഡിലെ മാധവപുരം കോളനി ഭാഗത്ത് പെരിയാർവാലി കനാലിൻറെ പാർശ്വഭിത്തി ഇടിഞ്ഞ നിലയിൽ 

പെരിയാർവാലി കനാലിൻറെ തകർന്ന പാർശ്വഭിത്തി പുനർനിർമ്മിക്കാൻ നടപടിയായില്ല

ചൂർണിക്കര: പെരിയാർവാലി കനാലിൻറെ തകർന്ന പാർശ്വഭിത്തി പുനർനിർമിക്കാൻ നടപടിയായില്ല. തകർന്നിട്ട് രണ്ടുമാസമായിട്ടും അധികൃതർ ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. ചൂർണിക്കര പഞ്ചായത്ത്‌ രണ്ടാം വാർഡിലെ മാധവപുരം കോളനി ഭാഗത്താണ് രണ്ട് മാസങ്ങൾക്ക് മുൻപ് കനാൽ പാർശ്വഭിത്തി വലിയ തോതിൽ തകർന്നത്. ഇതു മൂലം സമീപ റോഡും വീടുകളും തകർച്ച ഭീഷണി നേരിടുന്നു.

ആറു വർഷങ്ങൾക്ക് മുമ്പ്, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് എസ്.സി കോളനി നവീകരിക്കുന്നതിന് വേണ്ടിയുള്ള ഒരുകോടി രൂപയിൽ 45 ലക്ഷം മുടക്കിയാണ് ഈ പാർശ്വഭിത്തി നിർമ്ച്ചത്. പൊതുമേഖല സ്ഥാപനമായ എഫ്.ഐ.ടി പണിത കനാലിന്റെ ഭാഗമാണ്  ഇടിഞ്ഞു പോയത്. ഇടിഞ്ഞ ഭാഗം മുഴുവൻ കനാലിൽ കിടക്കുന്നതിനാൽ ജലസേചനം മുടങ്ങിയിരിക്കുകയാണ്.

45 ലക്ഷം രൂപ ചിലവഴിച്ച ഈ പണി അഴിമതിയാണെന്നാണ് നാട്ടുകാരുടെ ആരോപനം. ഉടൻ ഇത് പുനർനിർമ്മിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഒരു കോടി രൂപയിൽ ഉൾപ്പെടുത്തി മാധവപുരം കോളനിയുടെ പുറകിൽ എഫ്.ഐ.ടി പണിത കാനയും ഇടിഞ്ഞു പോയിരുന്നു. ആ കാന വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് ഫണ്ട്‌ ഉപയോഗിച്ച് പുനർനിർമിക്കുകയാണ്. ഈ പണിയുമായി ബന്ധപ്പെട്ട് എഫ്.ഐ.ടിയിൽ പരാതി പറയാൻ പോയ തനിക്കെതിരെ ജാമ്യമില്ല കേസും എടുത്തിട്ടുണ്ടെന്ന് വാർഡ് അംഗം രാജേഷ് പുത്തനങ്ങാടി പറഞ്ഞു.

80 ഓളം കുടുംബങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തുള്ളവർ വളരെ ഭയപ്പാടിലാണ്. കനാലിൽ വെള്ളം വന്നാൽ ഇടിഞ്ഞ ഭാഗം പൂർണ്ണമായും ഇടിഞ്ഞു പോകാനിടയുണ്ട്. അതോടെ  അവർക്ക് സഞ്ചരിക്കാനുള്ള വഴി തകരും. കനാൽ ഭിത്തി പുനർനിമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ട് യാതൊരു നടപടിയും സ്വീകരിക്കാൻ എഫ്.ഐ.ടിയോ പെരിയാർ വാലി ഉദ്യോഗസ്ഥരോ സഹകരിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഈ പ്രദേശത്തുള്ളവരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ഇടപെടണമെന്നും ഒരു കോടി പദ്ധതിയിലെ  അഴിമതി അന്വേഷിക്കുന്നതിന് വിജിലൻസ് അന്വേഷണം വേണമെന്നും  വാർഡ് അംഗം ആവശ്യപ്പെട്ടു.

പെരിയാർവാലി കനാലിൽ ജലവിതരണം നിലച്ചത് ദുരിതമായി

ആലുവ: പെരിയാർവാലി കനാലിൽ ജലവിതരണം നിലച്ചത് ദുരിതമായി. വേനൽ കനത്തതോടെ കാർഷിക വിളകൾ കരിഞ്ഞുണങ്ങുകയാണ്. കനാൽ വെള്ളമില്ലാത്തതിനാൽ കിണറുകളിൽ ജലലഭ്യതയും കുറഞ്ഞിട്ടുണ്ട്. ചൂർണിക്കര പഞ്ചായത്തിൽ രണ്ടാം വാർഡിലെ മാധവപുരം കോളനി ഭാഗത്ത് കനാൽ പാർശ്വഭിത്തി തകർന്ന് കിടക്കുന്നതാണ് പ്രശ്നം.

ഭിത്തി പുനസ്ഥാപിക്കാത്തതിനെതിരായ പ്രതിഷേധത്തെ തുടർന്നാണ് ജലവിതരണം നിലച്ചത്‌.  നാലാംമൈൽ, ചൂണ്ടി, ആലുവ, എടയപ്പുറം, ആലങ്ങാട്, കരുമാല്ലൂർ മേഖലകളിലുള്ള കാർഷകരാണ് ഇതുമൂലം പ്രതിസന്ധിയിലായത്. ഉറവ നിലച്ചതോടെ കിണറുകളിൽ വെള്ളം വറ്റിയത് കുടിവെള്ള ക്ഷാമത്തിനും ഇടയാക്കി. ആയിരക്കണക്കിന് ഏക്കർ കൃഷി ഭൂമിയാണ് വെള്ളം ലഭിക്കാതെ ഈ മേഖലയിൽ കരിഞ്ഞുണങ്ങുന്നത്.

കനാലിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കാൻ കഴിഞ്ഞയാഴ്ച്ച ഇറിഗേഷൻ അധികൃതർ എത്തിയെങ്കിലും അറ്റകുറ്റപ്പണി നടത്തുമെന്ന് ഉറപ്പ് നൽകിയാൽ മാത്രമെ അനുവദിക്കൂവെന്ന നിലപാടിലായിരുന്നു പഞ്ചായത്ത് അധികൃതർ. ഇതേതുടർന്ന് ഇറിഗേഷൻ അധികൃതർ മടങ്ങി.

Tags:    
News Summary - periyar valley canal water supply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.