എടയപ്പുറം സ്കൂൾ കെട്ടിട നിർമ്മാണത്തിൽ വ്യാപക ക്രമക്കേടുകളുള്ളതായി ആക്ഷേപം

കീഴ്മാട്: എടയപ്പുറം എരുമത്തല ഗവ. എൽ.പി സ്കൂൾ കെട്ടിട നിർമ്മാണത്തിൽ വ്യാപക ക്രമക്കേടുകളുള്ളതായി ആക്ഷേപം. നിർമ്മാണവശ്യത്തിന് പഞ്ചായത്ത് അനുവദിച്ച ചെമ്മണ്ണ് കരാറുകാരൻ മറിച്ചുവിറ്റത് വിവാദമായിരുന്നു. അതിന് പുറമെ കെട്ടിടത്തിന്‍റെ രൂപരേഖയിലും അനധികൃത മാറ്റത്തിന് നീക്കം നടക്കുന്നതായാണ് ആരോപണമുയർന്നിരിക്കുന്നത്.

നാല് ക്ലാസ് മുറികളും സ്റ്റെയർ റൂമുമാണ് രൂപരേഖയിൽ ഉള്ളത്. എന്നാൽ, ഇത് ഹാൾ ആക്കുന്നതിന് നീക്കമെന്നാണ് ആക്ഷേപം. കീഴ്മാട് ഗ്രാമപഞ്ചായത്ത് 17 ാം വാർഡിൽ 36 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂളിനായി കെട്ടിടം നിർമ്മിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കെട്ടിടം നിർമ്മിക്കുമ്പോൾ ക്ലാസ് മുറികളായി തിരിക്കണമെന്നാണ് ചട്ടം. സ്ഥിരം ഭിത്തി വേണം. സ്ക്രീൻ ഉപയോഗിച്ച് മറച്ചോ മറ്റുമുള്ള താത്കാലികമായുള്ള സംവിധാനങ്ങളാകരുത്. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ നിന്നും അനുമതി നൽകിയിട്ടുള്ളതും നാല് ക്ലാസ് മുറികളുള്ള കെട്ടിടം നിർമ്മിക്കുന്നതിനാണ്. എന്നാൽ, മുറികൾ തിരിച്ചുള്ള സ്ഥിരം ഭിത്തിക്ക് പകരം താത്കാലിക സംവിധാനം ഏർപ്പെടുത്താനാണ് പഞ്ചായത്ത് അധികൃതർ ആലോചിക്കുന്നതത്രെ.

കുടുംബശ്രീ യോഗങ്ങളും ഗ്രാമസഭകളും ചേരുന്നതിന് സൗകര്യമൊരുക്കുന്നതിനാണ് നീക്കമെന്ന് പറയപ്പെടുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട എ.ഇ.ഒ ഓഫിസ് അധികൃതർ നടപടി ശരിയല്ലെന്ന് അറിയിച്ചതായി അറിയുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചെലവ് ചുരുക്കുന്നതാണെന്നാണ് പഞ്ചായത്ത് അധികൃതർ മറുപടി നൽകിയതത്രെ.

പരാതിയുമായി പഞ്ചായത്ത്

കീഴ്മാട്: എയപ്പുറം സ്കൂൾ നിർമ്മാണത്തിലെ അഴിമതിക്കെതിരെ സമരം ചെയ്തവർക്കെതിരെ പരാതിയുമായി പഞ്ചായത്ത്. സ്കൂൾ നിർമ്മാണത്തിന് പഞ്ചായത്ത് അനുവദിച്ച ചെമ്മണ്ണ് കരാറുകാരൻ മറിച്ചുവിറ്റ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയെയും എ.ഇയെയും യൂത്ത് കോൺഗ്രസുകാർ ഉപരോധിച്ചിരുന്നു. ഇവർക്കെതിരെ പഞ്ചായത്ത് സെക്രട്ടറിയാണ് പൊലീസിൽ പരാതി നൽകിയത്.

കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് വനിതയായ എ.ഇയിൽ നിന്നും പരാതി എഴുതി വാങ്ങിയാണ് സെക്രട്ടറി പരാതി നൽകിയത്. അഴിമതി ചോദ്യം ചെയ്തവർക്കെതിരെ പൊലീസിൽ പരാതി നൽകുന്നത് തട്ടിപ്പിന് കൂട്ടുനിൽക്കുന്നതിനാണെന്ന് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി കെ.പി. സിയാദ് ആരോപിച്ചു. ഇടതുപക്ഷ ഭരണ സമിതിയുടെ അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നവരെ നിശബ്ദമാക്കാൻ ഗൂഡാലോചനകൾ നടക്കുന്നതായും ആക്ഷേപമുണ്ട്.

Tags:    
News Summary - Allegation in the construction of Edayappuram school building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.