നമ്പർ18 ഹോട്ടലിന്‍റെ ബാർ ലൈസൻസ് പുനഃസ്ഥാപിച്ച്​ എക്​സൈസ്​

ഫോർട്ട്​കൊച്ചി: മോഡലുകളുടെ മരണവും ഉടമക്കെതിരെ പോക്സോ കേസുമടക്കം വിവാദങ്ങൾ നിറഞ്ഞ ഫോർട്ട്​കൊച്ചി നമ്പർ18 ഹോട്ടലിന്‍റെ ബാർ ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയ നടപടി എക്സൈസ് വകുപ്പ് പിൻവലിച്ചു. ഈ മാസം ഒന്നിനാണ്​ എക്സൈസ് കമീഷണറുടെ ഉത്തരവ് പ്രകാരം ലൈസൻസ് പുനഃസ്ഥാപിച്ചുനൽകിയത്. ഇതിനുപിന്നിൽ ഉന്നതരുടെ ഇടപെടലുണ്ടെന്നാണ്​ സൂചന. നമ്പർ18 ഹോട്ടലിൽ നിശപാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയ മോഡലുകളാണ് ഒക്ടോബർ 31ന് അർധരാത്രി അപകടത്തിൽ മരണപ്പെട്ടത്. മോഡലുകൾ മരിച്ചതിനെത്തുടർന്നുണ്ടായ വിവാദം അവസാനിപ്പിക്കാൻ അധികാര സ്ഥാനങ്ങളിലുള്ളവർ വലിയ ഇടപെടലുകൾ നടത്തിയത്​ ഏറെ ചർച്ചയായിരുന്നു. സമയപരിധി കഴിഞ്ഞ്​ മദ്യം വിളമ്പൽ, ഹോട്ടലിൽ മയക്കുമരുന്ന് ഉപയോഗം എന്നിവയുടെ അടിസ്ഥാനത്തിലാണ് കാരണംകാണിക്കൽ നോട്ടീസ് നൽകി എക്സൈസ് ബാർ ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയത്. എന്നാൽ, ഇത് തെളിയിക്കാൻ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്താൻ തയാറായില്ലെന്നതാണ് ഉയരുന്ന മറ്റൊരു ആരോപണം. തുടരന്വേഷണം നടത്താതെ കേസ് ദുർബലമാക്കുകയായിരുന്നുവെന്നും ആരോപണവും ഉയരുന്നുണ്ട്. അതേസമയം, ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടാതെ ഒരാളുടെ പേരിലുള്ള ബാർ ലൈസൻസ് റദ്ദ് ചെയ്യാൻ നിയമം അനുവദിക്കുന്നില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പുതുതായി ബാർ ഉടമക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കേണ്ടത് പൊലീസാണെന്നാണ് എക്സൈസ് വിശദീകരിക്കുന്നത്. നിലവിൽ ബാർ ഉടമക്കെതിരെ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയതിനും വാഹനാപകടം സംബന്ധിച്ചുള്ളതും പോക്സോ കേസുമാണ് നിലനിൽക്കുന്നത്. ഈ കേസുകളിൽ ഏതെങ്കിലുമൊന്നിൽ ശിക്ഷ വിധിച്ചാൽ മാത്രമേ ബാർ ഉടമയുടെ പേരിലുള്ള ലൈസൻസ് റദ്ദ് ചെയ്യാൻ കഴിയൂ. ഇക്കാര്യങ്ങൾകാട്ടി എക്സൈസ് ഇൻസ്പെക്ടർ പി. ശ്രീരാജ് എക്സൈസ് കമീഷണർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.