കൊച്ചി: റോഡുകളെ പറ്റിയുള്ള പൊതുജനങ്ങളുടെ പരാതികൾ അറിയിക്കാനുള്ള മൊബൈൽ ആപ്പായ PWD 4U (പി.ഡബ്ല്യു.ഡി 4 യു ആപ്) വഴി ജില്ലയിൽ പരിഹരിച്ചത് 1577 പരാതികൾ. ചൊവ്വാഴ്ചവരെയുള്ള കണക്കാണിത്. ഇതുവരെ ലഭിച്ച 2367 പരാതികളിൽ 790 എണ്ണം മാത്രമാണ് ഇനിയും തീർപ്പാക്കാൻ ബാക്കിയുള്ളത്. ഇവയിൽ പലതിൻെറയും അറ്റകുറ്റപ്പണി പുരോഗമിക്കുകയാണ്. വിവിധ വകുപ്പുകളുടെ അനുമതികൂടി ലഭിക്കേണ്ട റോഡുകളാണ് ഇനിയും ബാക്കിയുള്ളതിൽ ചിലത്. പൊതുമരാമത്ത് വകുപ്പിൻെറ എറണാകുളം, മൂവാറ്റുപുഴ ഡിവിഷനുകളിലായാണ് പരാതികൾ എത്തിയത്. എറണാകുളം ഡിവിഷന് കീഴിൽ 1362 പരാതികളും മൂവാറ്റുപുഴ ഡിവിഷനിൽനിന്ന് 1005 പരാതികളുമാണ് ലഭിച്ചത്. ഇതിൽ എറണാകുളം ഡിവിഷനിൽ 926 പരാതികളും മൂവാറ്റുപുഴ ഡിവിഷൻ പരിധിയിൽനിന്ന് 651 എണ്ണവുമാണ് പരിഹരിച്ചത്. യഥാക്രമം 436, 354 പരാതികളാണ് ഇനിയും ബാക്കി. ഇതിൽ ചിലതെല്ലാം ഒരേ റോഡിനെ പറ്റിയുള്ള ഒന്നിലധികം പേർ നൽകിയ പരാതികളാണെന്നും അധികൃതർ വ്യക്തമാക്കി. ഇവയെല്ലാം എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടിയാണ് സ്വീകരിക്കുന്നതെന്നും പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് പൊതുമരാമത്ത് വകുപ്പിന് ഏറെ പ്രശംസ നേടിക്കൊടുത്ത മൊബൈൽ ആപ് ആരംഭിച്ചത്. റോഡുകളുടെ ഗുണമേന്മ ഉറപ്പുവരുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രശ്‌നങ്ങളും പരാതികളും പൊതുജനങ്ങള്‍ക്ക് ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്യാനും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കുന്ന തരത്തിൽ ആപ്ലിക്കേഷൻ തയാറാക്കിയത്. ആരംഭിച്ച് 10 മാസത്തിനിടെ 18,595 പരാതികളായിരുന്നു സംസ്ഥാന വ്യാപകമായി ആപ്പിലൂടെ ലഭിച്ചത്. ഇതിൽ 13,644 എണ്ണം ഇതിനോടകം പരിഹരിക്കാൻ കഴിഞ്ഞു. ആപ്ലിക്കേഷനിൽ ലഭിക്കുന്ന പരാതികൾ കേന്ദ്രീകൃത പരാതി പരിഹാര സെല്ലിൽനിന്ന് മെയിൻറനൻസ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർമാർക്കും അവിടെ നിന്ന് ബന്ധപ്പെട്ട ഡിവിഷനുകളിലേക്കും സബ്ഡിവിഷനുകളിലേക്കും കൈമാറുന്നതാണ് രീതി. പരിഹരിച്ച് കഴിഞ്ഞാൽ ആപ്പിൽനിന്ന് തന്നെ പരാതിക്കാരന് ആ വിവരം അറിയാൻ കഴിയും. നിലവിൽ സംസ്ഥാന വ്യാപകമായി പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 4000 കിലോമീറ്റർ റോഡാണ് ആപ്പിൽ ഉള്ളത്. 29,000 കൂടി ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.