ട്വന്‍റി 20 സ്ട്രീറ്റ് ലൈറ്റ് വിവാദം കൊഴുക്കുന്നു

കിഴക്കമ്പലം: ട്വന്‍റി 20 സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് വിവാദം കൊഴുക്കുന്നു. കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂര്‍, ഐക്കരനാട്, വെങ്ങോല പഞ്ചായത്തുകളില്‍ എല്ലാ വൈദ്യുതി പോസ്റ്റിലും സ്ട്രീറ്റ്‌ ലൈറ്റ് ഇടും എന്ന് പറഞ്ഞ് ഒരു ലൈറ്റിന് 2500 രൂപവീതം കണക്കാക്കി ട്വന്‍റി 20 കിഴക്കമ്പലം ഫേസ്ബുക്കിലൂടെ പൊതുജനങ്ങളില്‍നിന്നും തുക സമാഹരിക്കുന്നതിന് നല്‍കിയ പരസ്യത്തെ തുടര്‍ന്നാണ് വിവാദം ഉയര്‍ന്നത്. ബിജു മാത്യു എന്ന യുവാവ് പൊലീസിനും കിഴക്കമ്പലം വൈദ്യുതി ബോര്‍ഡിനും പരാതി നല്‍കിയിരുന്നു. പരാതി പിന്നീട് വൈദ്യുതി ബോര്‍ഡും പൊലീസിന്​ കൈമാറി. ഏതെങ്കിലും സംഘടനക്കോ വ്യക്തികള്‍ക്കോ വൈദ്യുതി പോസ്റ്റുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാനോ ഫണ്ട് ശേഖരിക്കാനോ ബോര്‍ഡ് അനുവാദം നല്‍കിയിട്ടില്ലെന്ന്​ പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും പൊലീസ് കേസെടുത്തില്ലെന്ന ആക്ഷേപമുണ്ട്​. ഇതിനിടെ, ട്വന്‍റി 20യും പ്രതിഷേധവുമായി രംഗത്ത് എത്തി. തങ്ങൾ ഭരിക്കുന്ന പഞ്ചായത്തുകളില്‍ ശനിയാഴ്​ച രാത്രി ഏഴു മുതല്‍ 7.15 വരെ ലൈറ്റ് അണച്ച് പ്രതിഷേധിക്കാനാണ് ആഹ്വാനം. സ്ട്രീറ്റ്‌ ലൈറ്റുകള്‍ സ്ഥാപിക്കുന്നത് തടഞ്ഞ എം.എല്‍.എയുടെ നടപടിക്കെതിരെയും പൊലീസിനെയും ഉദ്യോഗസ്ഥരെയും വെച്ച് പഞ്ചായത്തിന്‍റെ വികസനങ്ങള്‍ തടയുന്ന എം.എല്‍.എയുടെ ജനദ്രോഹ നടപടിക്കെതിരെയും പ്രതിഷേധിക്കാനാണ് സമൂഹമാധ്യമങ്ങളിലൂടെ ട്വന്‍റി 20 ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതോടെ വരും ദിവസങ്ങളിലും സ്ട്രീറ്റ്‌ ലൈറ്റ് ചലഞ്ച് വിവാദം കൊഴുക്കും. മുന്‍ പഞ്ചായത്ത് ഭരണസമിതികള്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചിരുന്നത് പഞ്ചായത്ത് ഫണ്ട് കൊണ്ടാണെന്നാണ് വിവിധ രാഷ്​ട്രീയ പാര്‍ട്ടികള്‍ പറയുന്നത്. സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി വോട്ട്‌ നേടുന്നു എന്ന ആരോപണം പണ്ടുമുതല്‍ നേരിടുന്നവരാണ് ട്വന്‍റി 20 ഭരിക്കുന്ന കിഴക്കമ്പലവും സമീപ പഞ്ചായത്തുകളും. ഇവിടത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റും നടത്തുന്നത് ഈ ഫണ്ടിലൂടെ തന്നെയാണ്. കഴിഞ്ഞ കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതിക്ക് കോടികളുടെ ബാക്കിയിരിപ്പ് ഉണ്ടെന്നാണ്​ ട്വന്‍റി 20 പറഞ്ഞിരുന്നത്. എന്നിട്ടും എന്തിനാണ് സ്ട്രീറ്റ്‌ ലൈറ്റിന് ചലഞ്ച് എന്നാണ് മറ്റ് പാര്‍ട്ടികളുടെ ചോദ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.