കമ്പ്യൂട്ടർ മോഷണം ചർച്ചക്കെടുത്തില്ല; നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ച് എൽ.ഡി.എഫ്

മരട്: സെർവർ റൂമിൽ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടർ മോഷണം പോയത് സംബന്ധിച്ച് ചർച്ച ചെയ്യാൻ അനുവദിക്കാത്തതിനെ തുടർന്ന് എൽ.ഡി.എഫ് അംഗങ്ങൾ നഗരസഭ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. സെർവർ റൂമിലെ മോഷണം നാലുദിവസം കഴിഞ്ഞാണ് ചെയർമാൻ അറിഞ്ഞത്. അറിഞ്ഞ വിവരം കൗൺസിലർമാരിൽനിന്നുപോലും മൂടിവെക്കാനും ശ്രമിച്ചതായി അംഗങ്ങൾ ആരോപിച്ചു. എൽ.ഡി.എഫ് അംഗങ്ങൾ ചോദ്യം ചെയ്യുകയും വിശദീകരിക്കാൻ ശ്രമിച്ച ചെയർമാനെ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഡി. രാജേഷ് തടയുകയും മറ്റു അജൻഡകൾ പാസാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. നഗരസഭ ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസം ഹോട്ടലുകളിൽനിന്ന്​ പഴകിയ ഭക്ഷണം പിടിച്ചെടുത്തത് ചെറിയ പിഴ മാത്രം ഈടാക്കി പ്രശ്നം ഒതുക്കിത്തീർത്തതായും ഇവർ ആരോപിച്ചു. കുണ്ടന്നൂരിലെ കുടുംബശ്രീ ഹോട്ടലിലെ ഭക്ഷണം മോശമാണെന്ന കാരണം പറഞ്ഞ് ഹോട്ടൽ അടച്ചുപൂട്ടിച്ച നഗരസഭ വൻകിട ഹോട്ടലുകൾ നൽകിയ ദിവസങ്ങളോളം പഴകിയ ഭക്ഷണം പിടിച്ചെടുത്തിട്ട് അവരിൽനിന്ന് നാമമാത്രമായ തുകയാണ് പിഴ അടപ്പിച്ചത്. പ്രവർത്തിക്കാൻ അനുമതിയും നൽകി. ഏകപക്ഷീയമായി അജൻഡകൾ പാസായെന്ന് പ്രഖ്യാപിച്ച് കൗൺസിൽ യോഗം പിരിച്ചുവിടുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭ കവാടത്തിനു മുന്നിൽ ധർണ നടത്തി. മുനിസിപ്പൽ ചെയർമാന് മുകളിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൂപ്പർ ചെയർമാൻ ചമയുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സി.ആർ. ഷാനവാസ് സമരം ഉദ്ഘാടനം ചെയ്തു. ദിശ പ്രതാപൻ, സിറ്റി സുരേഷ് എന്നിവർ സംസാരിച്ചു. EC-TPRA-1 Maradu Municipality മരട് നഗരസഭ കൗൺസിൽ യോഗം ബഹിഷ്കരിച്ചു എൽ.ഡി.എഫ് കൗൺസിലർമാർ നഗരസഭ കവാടത്തിനു മുന്നിൽ പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.