'ബസ് കാത്തിരിപ്പ് കേന്ദ്രം പുതുക്കിപ്പണിയണം'

മട്ടാഞ്ചേരി: തോപ്പുംപടിയുടെ ചരിത്രത്തിന്‍റെ അത്രതന്നെ പഴക്കവും പ്രാധാന്യവുമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റിയ ശേഷം പുതുക്കിപ്പണിയാത്തത് യാത്രക്കാർക്ക് തലവേദനയാകുന്നു. തോപ്പുംപടിയിൽനിന്ന് പള്ളുരുത്തി ഭാഗത്തേക്ക് പോകാൻ ബസ് കാത്തുനിൽക്കുന്ന കേന്ദ്രമാണ് ഇടക്കാലത്ത് പൊളിച്ചുമാറ്റിയത്. കോൺക്രീറ്റിൽ തീർത്ത ബസ് കാത്തിരിപ്പ് കേന്ദ്രം ആദ്യകാലത്തെ തോപ്പുംപടിയുടെ പ്രൗഢിയുടെ അടയാളം കൂടിയായിരുന്നു. കെ.എസ്.ആർ.ടി.സി ബസ് സർവിസ് ആരംഭിച്ചതിന്‍റെ കാലപ്പഴക്കം തന്നെ ഈ ബസ് സ്റ്റോപ്പിനുമുണ്ടായിരുന്നു. ജീർണിച്ച ഈ ബസ് കാത്തിരിപ്പുകേന്ദ്രം പുനരുദ്ധരിക്കണമെന്ന ആവശ്യം നേരത്തേ അധികാരികൾ പരിഗണിച്ചിരുന്നില്ല. എന്നാൽ, ഒരു സുപ്രഭാതത്തിൽ ബസ് കാത്തിരിപ്പ് കേന്ദ്രം തകർത്തുകളയുകയായിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും പുനർനിർമിക്കാൻ നടപടി ഉണ്ടാകുന്നില്ല. ചില നിക്ഷിപ്ത താൽപര്യക്കാരുടെ ഇടപെടൽ ഇതിന് പിന്നിലുണ്ടെന്ന് ആരോപണവും ഉയരുന്നുണ്ട്. തോപ്പുംപടി കടന്ന് തെക്കുഭാഗത്തേക്ക് പോകുന്ന ഹ്രസ്വദൂര സ്വകാര്യ ബസുകൾ നിർത്തിയിരുന്നതും ഇവിടെയാണ്. വെയിലും മഴയുമേറ്റ് ബസ് കാത്തുനിൽക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. ചിത്രം: നീക്കംചെയ്ത ബസ് സ്റ്റോപ്പിനു മുന്നിൽ യാത്രക്കാർ ബസ് കാത്തുനിൽക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.