ഭരണഘടന നിർമാണ നടപടിക്രമം മലയാളത്തിലാക്കും -സ്പീക്കർ

ആലപ്പുഴ: ഭരണഘടന നിർമാണസഭയുടെ നടപടിക്രമങ്ങളുടെ മലയാള പരിഭാഷ കേരള നിയമസഭ പ്രസിദ്ധീകരിക്കുമെന്ന്‌ സ്പീക്കർ എം.ബി. രാജേഷ്‌. ആലപ്പുഴയിൽ നിയമസഭ ലൈബ്രറി ശതാബ്ദിയോടനുബന്ധിച്ച ആഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ റിപ്പബ്ലിക്കായതിന്റെ 75ാം വാർഷികത്തിൽ 2025 ജനുവരി 26ന്‌ 12 വാല്യങ്ങളിലായി ഈ പുസ്തകം പ്രകാശനം ചെയ്യും. ഇന്ത്യയിലെ മറ്റൊരു പ്രാദേശിക ഭാഷയിലേക്കും ഭരണഘടന സഭയുടെ നടപടി ക്രമങ്ങൾ പരിഭാഷപ്പെടുത്തിയിട്ടില്ല. 6547 പേജുകളുള്ള ഈ ചരിത്രരേഖ​ നൂറിലേറെ പേർ ചേർന്നാണ്‌ പരിഭാഷപ്പെടുത്തുന്നത്‌. ഡിജിറ്റലായും ഇത്‌ ലഭ്യമാക്കും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മേയ്​ 26, 27 തീയതികളിൽ ദേശീയ വനിത പാർലമെന്റ്‌ സംഘടിപ്പിക്കും. ഇന്ത്യയിലെ മുഴുവൻ വനിത എം.പിമാരും എം.എൽ.എമാരും പങ്കെടുക്കുന്ന പാർലമെന്റ്‌ രാഷ്ട്രപതി ഉദ്‌ഘാടനം ചെയ്യും. സഭ ലൈബ്രറിയുടെ നൂറാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ഡിസംബറിൽ നിയമസഭയിൽ അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.