അപകടങ്ങൾ പതിവ്​; ചളിവെള്ളത്തിൽ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധം

മട്ടാഞ്ചേരി: അഞ്ചു വർഷമായി തകർന്ന് കിടക്കുന്ന മട്ടാഞ്ചേരി സാ​ന്‍റോ ഗോപാലൻ റോഡ് സഞ്ചാരയോഗ്യമാക്കാൻ നടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ജനകീയ സമിതിയുടെ നേതൃത്വത്തിൽ റോഡിൽ കെട്ടിക്കിടക്കുന്ന ചളിവെള്ളത്തിൽ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു. വേനൽമഴയെ തുടർന്ന് പെയ്ത്​ വെള്ളം കെട്ടിക്കിടക്കുന്നത് മൂലം റോഡിലെ കുഴികളറിയാതെ ഇരു ചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കയാണ്. ഞായറാഴ്ച ഭർത്താവിനൊപ്പം ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന ഗർഭിണിയായ ഭാര്യ തെറിച്ചു വീണ് പരിക്കേറ്റിരുന്നു. വലിയ വാഹനങ്ങൾ അടക്കം കുഴിയിൽ ചാടി ആക്സിൽ ഒടിയുന്നതും പതിവാണ്. അപകടങ്ങൾ തുടർ കഥയായിട്ടും റോഡ് പുനർനിർമിക്കാൻ അധികൃതർ തയാറാകുന്നില്ല. സമരങ്ങൾ നടത്തി നാട്ടുകാരും മടുത്തു. അഞ്ചു വർഷം മുമ്പ്​ കുടിവെള്ള പൈപ്പ് സ്ഥാപിക്കുവാനായിരുന്നു കൂവപ്പാടം മുതൽ പരിപ്പ് ജങ്​ഷൻ വരെയുള്ള രണ്ട് കിലോമീറ്റർ റോഡ് കുഴിച്ചത്. പൈപ്പിട്ട് കഴിഞ്ഞ് കുഴി താൽക്കാലികമായി മൂടിയതല്ലാതെ റോഡ് പുനർനിർമിക്കാൻ ഇതുവരെ നടപടിയായില്ല. കൺവീനർ എ. ജലാൽ റോഡിൽ കെട്ടിക്കിടക്കുന്ന ചളിവെള്ളത്തിൽ ശയനപ്രദക്ഷിണം നടത്തി. സാമൂഹ്യപ്രവർത്തകൻ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഹാരിസ് അബു, കെ.ജെ. നിക്സൻ എന്നിവർ സംസാരിച്ചു. ചിത്രം: ജനകീയ സമിതി കൺവീനർ എ. ജലാൽ ചളിവെള്ളത്തിൽ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.