മരവിച്ചുകിടന്ന പടക്കവിപണി ഉണർന്നു; വിലയിൽ വർധന

പറവൂർ: ജില്ലയിൽ ഏറ്റവും വലിയ പടക്ക നിർമാണകേന്ദ്രവും വിപണിയുമായ പറവൂരിൽ കച്ചവടം സജീവമായി. കോവിഡിനെത്തുടർന്ന് കഴിഞ്ഞവർഷങ്ങളിൽ മരവിച്ചുകിടന്ന പടക്കവിപണിയിൽ ഈ വർഷം ഉണർവ് ഉണ്ടായത് കച്ചവടക്കാരിൽ പ്രതീക്ഷ ഉണ്ടാക്കിയിട്ടുണ്ട്​. വിഷു- ഈസ്റ്റർ ആഘോഷങ്ങൾ ഒരുമിച്ച് എത്തിയതും പടക്കവിപണിയിൽ തിരക്കിന് കാരണമായി. കഴിഞ്ഞ കാലങ്ങളെക്കാൾ വിലവർധന ഉണ്ടായിട്ടുണ്ടെങ്കിൽ ആവശ്യക്കാർ ഏറെയാണ്. കാലാവസ്ഥയിൽ ഉണ്ടായ മാറ്റം ഭീഷണിയാണ്​. വിലവർധന കാരണം കൂടുതൽ സ്റ്റോക്ക് കരുതിയിട്ടില്ല. ജില്ലയിൽ ഏറ്റവും വലിയ പടക്കനിർമാണ കേന്ദ്രവും വ്യാപാരത്തിന്റെ വിപണിക്കും പ്രസിദ്ധമാണ് പറവൂർ. വർഷങ്ങളായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പടക്കത്തിന്​ ചെറുകിട വ്യാപാരികൾ ഉൾപ്പെടെ പറവൂരിലെത്തുന്നുണ്ട്. സീസണിൽ കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് പറവൂരിൽ നടക്കുന്നത്. നാടനും പരദേശിയും വിദേശിയുമായ പടക്കങ്ങൾ മൊത്തമായും ചില്ലറയായും ഇവിടെ കിട്ടുമെന്ന പ്രത്യേകതയുണ്ട്. പാരമ്പര്യമായി പടക്കവ്യാപാരം ചെയ്യുന്നവരാണ് വ്യാപാരികൾ. പടക്കനിർമാണത്തിന് ആവശ്യമായ എല്ലാ വസ്തുക്കൾക്കും ഇത്തവണ അമിതവിലയാണ്. പടക്കത്തെക്കാൾ ഇത്തവണ കമ്പിത്തിരി, മത്താപ്പൂ, ബഹുവർണ പൂത്തിരി, ചക്രം, ചാട്ട തുടങ്ങിയ കുട്ടികളുടെ ഐറ്റങ്ങൾക്കാണ് വിപണിയിൽ ഡിമാൻഡ്​. സുരക്ഷയും മുഖ്യപ്രശ്നമാണ്. വലിയ ശബ്ദത്തിൽ പൊട്ടുന്ന ഗുണ്ട്, അമിട്ട് എന്നിവക്ക് ആവശ്യക്കാർ കുറവാണ്​. തനി മലയാളി ഇനമായ ഓലപ്പടക്കത്തിന് ആവശ്യക്കാർ ഉണ്ടെങ്കിലും വിപണിയിൽ ക്ഷാമമാണ്. പനയോല കിട്ടാനില്ലെന്നും കിട്ടുന്നവക്ക് വില കൂടുതലും വിദഗ്ധ തൊഴിലാളികളെ കിട്ടാനില്ലാത്തതുമാണ് ഓലപ്പടക്കത്തിന്‍റെ പിൻവാങ്ങലിന് കാരണം. കോവിഡ്​ നിയന്ത്രണങ്ങൾ നീക്കിയ സാഹചര്യത്തിൽ വിപണി കൂടുതൽ സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. എന്നാൽ, ഇടക്കിടെ പെയ്യുന്ന മഴയിൽ ആശങ്ക ഇല്ലാതില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.