കാറ്റിലും മഴയിലും മരങ്ങള്‍ വീണു; മണിക്കൂറുകൾ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

അരൂര്‍: ബുധനാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴക്കൊപ്പം വീശിയ കാറ്റില്‍ മരങ്ങള്‍ വീണ് തീരദേശ റെയിൽ പാതയിലെ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ആയിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു. ചന്തിരൂര്‍ തെക്കേ ഗേറ്റിന് സമീപത്തെ ആഞ്ഞിലിക്കാടും എഴുപുന്നക്ക് സമീപവുമാണ് മരങ്ങള്‍ വീണത്. ആഞ്ഞിലിക്കാട് പാതയിലേക്കാണ് മരം വീണതെങ്കില്‍ എഴുപുന്നക്ക് സമീപം വൈദ്യുതി ലൈനിലേക്കാണ് മരം വീണത്. തുടര്‍ന്ന് മംഗലാപുരത്തുനിന്ന് നാഗര്‍കോവിലേക്ക് പോകുകയായിരുന്ന ഏറനാട് എക്‌സ്​പ്രസ് കെല്‍ട്രോണിനു സമീപം പിടിച്ചിട്ടു. പിന്നാലെ വന്ന ട്രെയിനുകൾ വിവിധ സ്​റ്റേഷനുകളിലും പിടിച്ചിടുകയായിരുന്നു. ചന്തിരൂര്‍ തെക്കേ ഗേറ്റിലെ കാവല്‍ക്കാരനായ ലക്ഷ്ണമനെ നാട്ടുകാരാണ് മരം വീണ വിവരം അറിയിച്ചത്. ഇദ്ദേഹം ജോലിചെയ്യുന്ന ഗേറ്റില്‍നിന്ന്​ ഒരു കിലോമീറ്റര്‍ തെക്കുമാറിയായിരുന്നു സംഭവം. ഏറനാട് എക്‌സ്​പ്രസ് വരുന്ന സമയമായതിനാല്‍ ഉടന്‍ മേലധികാരികളെ വിവരം അറിയിക്കുകയും സിഗ്നല്‍ ഓഫാക്കുകയുമായിരുന്നു. ഇതേ സമയം തന്നെയാണ് എഴുപുന്നക്ക് സമീപം വൈദ്യുതി ലൈനിലേക്ക് മരം വീണത്. ആഞ്ഞിലിക്കാട്ടെ മരം നാട്ടുകാരും അരൂരിലെ അഗ്​നിരക്ഷാസേനയും ചേര്‍ത്തലയില്‍നിന്നെത്തിയ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ചേര്‍ന്ന് മുറിച്ചുമാറ്റി. എന്നാല്‍, വൈദ്യുതി ലൈനിലേക്ക് വീണ മരം റെയില്‍വേയുടെ ട്രാക്ഷന്‍ ഡിപ്പാര്‍ട്മെന്റില്‍ നിന്നുള്ളവരെത്തിയാണ് മുറിച്ചുമാറ്റിയത്. വൈകീട്ട്​ ഏഴോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. ചിത്രങ്ങൾ കെൽട്രോണിന് സമീപം പിടിച്ചിട്ട ഏറനാട് എക്സ്​പ്രസ് ചന്തിരൂർ റെയിൽവേ ലൈനിലേക്ക് വീണ മരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.