രാജി ഭീഷണിയുമായി കൗൺസിലർ

കാക്കനാട്: തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ നാടകീയ പ്രതിഷേധവുമായി ഭരണപക്ഷ കൗൺസിലർ. നഗരസഭയിലെ മുസ്​ലിംലീഗ് കൗൺസിലറായ സജീന അക്ബറാണ് ലീഗ്, യു.ഡി.എഫ് ജില്ല നേതൃത്വങ്ങൾക്ക് മുന്നിൽ രാജി ഭീഷണിയുമായി എത്തിയത്. തന്‍റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കൗൺസിൽ ഹാളിൽ വെച്ച് രാജിവെക്കുമെന്നാണ്​ ഭീഷണി. ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ഉൾപ്പെടുത്തിയ അജണ്ടയെ തുടർന്നാണ് പ്രതിഷേധം. സജീനയുടെ വാർഡിലുള്ള തൃക്കാക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടം ശോച്യാവസ്ഥയിൽ ആണെന്നും അറ്റകുറ്റപ്പണികൾ നടത്തുകയോ അനുയോജ്യമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്നായിരുന്നു അജണ്ട. ആരോഗ്യ കേന്ദ്രം തന്‍റെ വാർഡിൽനിന്ന് മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ലീഗ് നേതാക്കളുമായും യു.ഡി.എഫ് ജില്ല നേതൃത്വവുമായും ചർച്ച നടത്തിയിരുന്നു. രണ്ടിടത്ത് നിന്നും അനുകൂല നടപടി ലഭിക്കാതെ വന്നതോടെയാണ് രാജി ഭീഷണി ഉയർത്തിയത്. അജണ്ട യോഗത്തിൽ ചർച്ച ചെയ്താൽ ഹാളിൽ വെച്ച് തന്നെ രാജിവെക്കുമെന്നായിരുന്നു ഭീഷണി. തൃക്കാക്കര നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കെ കൗൺസിലർ രാജി വെച്ചാൽ ദൂരവ്യാപക പ്രത്യാഘാതത്തിന് വഴിവെക്കാനുള്ള സാധ്യത പരിഗണിച്ച് യു.ഡി.എഫ് നേതൃത്വം ഇടപെടുകയും യോഗത്തിന്​ തൊട്ടുമുമ്പ്​ അജണ്ടയിൽ ചർച്ചചെയ്യാതെ ഇക്കാര്യം മാറ്റിവെക്കാൻ നഗരസഭ അധ്യക്ഷക്ക് നിർദേശം നൽകുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.