സഹകരണ ബാങ്ക് പ്രസിഡൻറിനെ പുറത്താക്കൽ; ജമാൽ മണക്കാടന് കാരണം കാണിക്കൽ നോട്ടീസ്

കൊച്ചി: കളമശ്ശേരി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ടി.കെ. കുട്ടിയെ വിമതരായ കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ചേർന്ന് പുറത്താക്കിയ നടപടിക്ക് നേതൃത്വം നൽകിയെന്ന് ആരോപിച്ച് കെ.പി.സി.സി അംഗം ജമാൽ മണക്കാടന് വീണ്ടും കാരണം കാണിക്കൽ നോട്ടീസ്. കെ.പി.സി.സി പ്രസിഡൻറിന്‍റെ നിർദേശ പ്രകാരം ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ നൽകിയ നോട്ടീസിൽ രൂക്ഷ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഡി.സി.സി തീരുമാനത്തെ ദുർബലപ്പെടുത്തി നടപടി കൈക്കൊള്ളരുതെന്ന ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറിന്‍റെ നിർദേശം വകവെച്ചില്ലെന്നും ഫെബ്രുവരിയിൽ കെ.പി.സി.സി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് തൃപ്തികരമായ മറുപടി നൽകിയില്ലെന്നും ഇതിൽ വ്യക്തമാക്കുന്നു. സംഘടനയുടെ കെട്ടുറപ്പിനെയും ഡി.സി.സി തീരുമാനത്തെയും വെല്ലുവിളിക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായിട്ടുള്ളത്. ഇത് അതീവ ഗുരുതരമായി കാണുന്നു. തികഞ്ഞ അച്ചടക്ക ലംഘനമുണ്ടായതായി വിലയിരുത്തുന്നുവെന്നും ഏഴ് ദിവസത്തിനകം രേഖാമൂലമുള്ള മറുപടി നൽകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം നൽകാതിരിക്കുകയോ തൃപ്തികരമല്ലാത്ത മറുപടി നൽകുകയോ ചെയ്താൽ തുടർ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.