ഹിജാബ്: അവകാശധ്വംസനങ്ങൾക്കും വിദ്വേഷ പ്രചാരണത്തിനുമെതിരെ ഉജ്ജ്വല റാലി

കൊച്ചി: വിദ്വേഷ പ്രചാരണങ്ങൾക്കും കപട മതേതര ബോധ്യങ്ങൾക്കും മുന്നിൽ ആത്മാഭിമാനവും വിശ്വാസവും അടിയറവുവെക്കില്ലെന്ന് പ്രഖ്യാപിച്ച് ഗേൾസ് ഇസ്​ലാമിക് ഓർഗനൈസേഷന്‍റെ റാലി. ഹിജാബ് നിരോധനം, യൂനിഫോം ഭേദഗതി തുടങ്ങിയ നയങ്ങളിലൂടെ മുസ്‌ലിം സ്വത്വത്തെ കടന്നാക്രമിക്കുന്നതിനെതിരെ 'സെലിബ്രേറ്റിങ് ഹിജാബ്: റാലി എഗെയ്​ൻസ്റ്റ് ഹേറ്റ്' പേരിൽ സംഘടിപ്പിച്ച പ്രകടനത്തിൽ ആയിരത്തഞ്ഞൂറോളം വിദ്യാർഥിനികൾ പങ്കെടുത്തു. ഹൈകോർട്ട്​ ജങ്ഷനിൽനിന്ന്​ ആരംഭിച്ച റാലി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം ജി.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ്​ അഡ്വ. തമന്ന സുൽത്താന, കർണാടക പ്രസിഡന്‍റ്​ സുമയ്യ റോഷൻ, ഹിജാബ്​ ധരിച്ചതിന്‍റെ പേരിൽ ക്ലാസിൽനിന്ന്​ പുറത്താക്കപ്പെട്ട കർണാടകയിലെ നിയമവിദ്യാർഥിനി സി.എ. ഷബ്​ന, സാമൂഹികപ്രവർത്തകരായ ഡോ. ലുബ്ന സെറാവത്, ഷമീമ സക്കീർ, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ്​ അംജദ് അലി തുടങ്ങിയവർ ഹിജാബിനെ നിരോധിച്ച്​ പുറത്തിറക്കിയ എസ്.പി.സി യൂനിഫോം കോഡ് സർക്കുലറും കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉത്തരവുകളും കീറിയെറിഞ്ഞ് ഉദ്ഘാടനം ചെയ്തു. വിശ്വാസവും അസ്തിത്വവും മാറ്റിവെക്കുകയാണെങ്കിൽ മുഖ്യധാരയിൽ ഇടമുണ്ടെന്ന ആർ.എസ്.എസിന്‍റെയും ഇടത് ലിബറലുകളുടെയും ഭീഷണിക്ക് വഴങ്ങാൻ തയാറല്ലെന്ന് അഡ്വ. തമന്ന സുൽത്താന സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഹിജാബ് അഴിപ്പിച്ചുവെച്ച്​ ഒരാളും മുസ്‌ലിം പെൺകുട്ടികളെ പ്രബുദ്ധരാക്കാൻ വരേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു. പരീക്ഷ എഴുതുമ്പോൾപോലും അധ്യാപകർ ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്ന് സി.എ. ഷബ്‌ന പറഞ്ഞു. വിദ്യാർഥികൾക്കിടയിൽ ഒറ്റപ്പെടുത്താൻ ശ്രമമുണ്ടായി. എന്നാൽ, പഠനത്തോടൊപ്പം വിശ്വാസവും കൊണ്ടുപോകുമെന്നതാണ് നിലപാടെന്ന് അവർ വ്യക്തമാക്കി. ജീവിതാവസാനംവരെ വിശ്വാസം മുറുകെപ്പിടിച്ചായിരിക്കും തങ്ങൾ മുന്നോട്ടുപോകുകയെന്ന് മദീന ആൻഡ് ഗ്ലോബൽ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ മറിയ തബസും പറഞ്ഞു. ഹിജാബ് നിരോധനത്തിലൂടെ വിദ്യാർഥിനികളുടെ പഠനം മുടങ്ങുന്ന സാഹചര്യമുണ്ടാകുന്നെന്ന് സുമയ്യ റോഷനും ചൂണ്ടിക്കാട്ടി. സാമൂഹികപ്രവർത്തക ഡോ. ലുബ്ന സെറാവത്, ഷമീമ സക്കീർ, ജമാഅത്തെ ഇസ്​ലാമി കൊച്ചി സിറ്റി പ്രസിഡന്‍റ്​ എം.പി. ഫൈസൽ, വനിത വിഭാഗം സെക്രട്ടറി വി.കെ. റംല, അംജദ് അലി, ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി സമർ അലി എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബ്ദുൽ ലത്തീഫ് സ്വാഗതവും പ്രോഗ്രാം കൺവീനർ അനീസ മുഹ്​യിദ്ദീൻ നന്ദിയും പറഞ്ഞു. സുവൈബത്തുൽ അസ്‌ലമിയ്യ ഹിജാബ് റാപ് അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.