മിനിസ്റ്റീരിയൽ ജീവനക്കാർ പണിമുടക്കി; ആർ.ടി ഓഫിസുകൾ സ്തംഭിച്ചു

കാക്കനാട്: മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ പ്രമോഷൻ സാധ്യതകൾ ഇല്ലാതാക്കുന്ന സ്പെഷൽ റൂൾ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ സൂചന പണിമുടക്ക് നടത്തി. കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മൻെറ് സ്റ്റാഫ് അസോസിയേഷൻ (കെ.എം.വി.ഡി.എസ്.എ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ആർ.ടി. ഓഫിസിൽ ആയിരുന്നു പ്രതിഷേധം. ജീവനക്കാർ ഇല്ലാത്തതിനാൽ ആർ.ടി. ഓഫിസിലെ പ്രവർത്തനങ്ങൾ സ്തംഭിച്ചു. സൂചന പണിമുടക്കിൽ എറണാകുളം, കോതമംഗലം ആർ.ടി ഓഫിസുകളിൽനിന്നും സബ് ആർ.ടി ഓഫിസുകളായ തൃപ്പൂണിത്തുറ, ആലുവ, വടക്കൻ പറവൂർ, അങ്കമാലി, മട്ടാഞ്ചേരി, പെരുമ്പാവൂർ, കോതമംഗലം എന്നിവിടങ്ങളിൽനിന്നുമായി 125 ഓളം ജീവനക്കാരാണ്​ പങ്കെടുത്തത്. അതേസമയം പണിമുടക്ക് പൊതുജനങ്ങളെ ബാധിച്ചില്ലെന്ന് എറണാകുളം ആർ.ടി. ഓഫിസിലെ എക്സിക്യൂട്ടിവ് വിഭാഗം ജീവനക്കാർ വ്യക്തമാക്കി. നികുതി, വിവിധ പിഴ തുക അടക്കൽ തുടങ്ങി കൗണ്ടറുകൾ വഴിയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനായി മൂന്ന് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.