ഫിഷറീസ് ഹാർബർ: ഈ മാസം അവസാനം വരെ ടോൾ പിരിവ് പഴയപടി തുടരും

മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാർബറിലെ ടോൾ പിരിവിൽ ഈ മാസം അവസാനം വരെ പഴയ സ്ഥിതി തുടരാൻ തുറമുഖ ട്രസ്റ്റ് അധികൃതർ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ഹാർബറിലെ ടോൾ പിരിവ് സ്വകാര്യവത്​കരിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമായതി‍ൻെറ പശ്ചാത്തലത്തിലാണ് ഹാർബർ സംരക്ഷണ സമിതി ചെയർമാൻ കൂടിയായ കെ.ജെ. മാക്സി എം.എൽ.എ മുൻ കൈയെടുത്ത് യോഗം ചേർന്നത്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്കാണ് ടോൾ പിരിവിന് അനുമതി നൽകിയിരിക്കുന്നത്. ഘട്ടം ഘട്ടമായി ഹാർബർ സ്വകാര്യവത്​കരണം നടപ്പാക്കുമെന്ന ആശങ്കയാണ് തൊഴിലാളികൾക്കും കച്ചവടക്കാർക്കും. കൊച്ചിയിലെ തൊഴിൽ ഇടങ്ങളായ കൊച്ചി തുറമുഖത്തും മട്ടാഞ്ചേരി ബസാറിലും തൊഴിൽ സാധ്യതകൾ ഇല്ലാതായതോടെ പശ്ചിമകൊച്ചിക്കാരുടെ ഏക ആശ്രയമാണ് ഹാർബർ. യോഗത്തിൽ സ്വകാര്യവത്​കരണം സംബന്ധിച്ച ആശങ്ക സമരസമിതി ഭാരവാഹികൾ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൻ എം. ബീനയെ അറിയിച്ചതായും ഒരു കാരണവശാലും ഹാർബർ സ്വകാര്യവത്​കരിക്കില്ലെന്ന് ചെയർപേഴ്സൻ ഉറപ്പ് നൽകിയതായും സംരക്ഷണ സമിതി ജനറൽ കൺവീനർ ജാക്സൻ പൊള്ളയിലും വൈസ് ചെയർമാൻ എ.എം. നൗഷാദും പറഞ്ഞു . ഹാർബർ അ​ഡ്വൈസറി കമ്മിറ്റിയുടെ അംഗീകാരമില്ലാതെ ടോൾ പിരിവ് സ്വകാര്യവത്​കരണം അനുവദിക്കില്ലെന്ന് സമിതി ഭാരവാഹികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ടോൾ പിരിവ് മാത്രമാണ് സ്വകാര്യ കമ്പനിക്ക് നൽകിയിട്ടുള്ളതെന്നും മറ്റെല്ലാ വിഭാഗങ്ങളിലും പോർട്ട് ഉദ്യോഗസ്ഥർ ഉണ്ടാകുമെന്ന് അധികൃതർ ഉറപ്പ് നൽകിയതായും സമിതി ഭാരവാഹികൾ വ്യക്തമാക്കി. ഹാർബർ അഡ്വൈസറി കമ്മിറ്റി യോഗം ചേർന്ന് ചർച്ച ചെയ്തശേഷം മാത്രമേ ടോൾ പിരിവ് തുടങ്ങാൻ അനുവദിക്കൂവെന്ന് സമിതി നേതാക്കൾ യോഗത്തിൽ അറിയിച്ചു. നേരത്തേ ഈ മാസം പതിനഞ്ച് വരെയാണ് പഴയ രീതി തുടരാൻ തീരുമാനിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.