സിൽവർലൈൻ കല്ലിടൽ അനുവദിക്കില്ല -ജില്ല ഐക്യദാർഢ്യ സമിതി

കൊച്ചി: കേരളത്തി‍ൻെറ സർവരംഗത്തും വിനാശകരമായ ഫലങ്ങൾ ഉളവാക്കുമെന്ന് വിദഗ്ധരും നിരവധി പഠനങ്ങളും ചൂണ്ടിക്കാണിച്ചിട്ടുള്ള കെ-റെയിൽ സിൽവർലൈൻ പദ്ധതിക്കുവേണ്ടി കല്ലിടാൻ അനുവദിക്കില്ലെന്ന് ജില്ല കെ-റെയിൽ വിരുദ്ധ സമര ഐക്യദാർഢ്യ സമിതി യോഗം വ്യക്തമാക്കി. മൂലമ്പിള്ളി കുടിയൊഴിപ്പിക്കലി‍ൻെറ 14ാം വാർഷിക ദിനത്തിൽ ഓൺലൈനിലാണ് യോഗം ചേർന്നത്. പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് ബലം പ്രയോഗിച്ച് നടത്തുന്ന കല്ലിടൽ നടപടിയെ ഹൈകോടതിതന്നെ പലതവണ വിമർശിച്ചിട്ടും സാമൂഹികാഘാത പഠനത്തിനെന്ന പേരിൽ കല്ലിടൽ തുടരുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. ജനങ്ങളെ വിഡ്‌ഢികളാക്കി ആയിരക്കണക്കിന്​ കോടി രൂപയുടെ അഴിമതി ലക്ഷ്യംവെച്ചുള്ള ഒരു പദ്ധതി നടപ്പാക്കാമെന്നാണ് സർക്കാറി‍ൻെറ വ്യാമോഹം. കെ-റെയിൽ വേണ്ട, കേരളം മതിയെന്ന ആവശ്യത്തിനൊപ്പമാണ് കേരള ജനതയെന്നും യോഗം ചൂണ്ടിക്കാട്ടി. സമരസമിതി സംസ്ഥാന രക്ഷാധികാരി സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പ്രഫ. കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ജില്ല കൺവീനർ സി.കെ. ശിവദാസൻ വിഷയാവതരണം നടത്തി. ഡി.സി.സി പ്രസിഡന്‍റ്​ മുഹമ്മദ് ഷിയാസ്, ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ എസ്. ജയകൃഷ്ണൻ, മുസ്​ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ഹംസ പാറേക്കാട്ട്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ്​ ജ്യോതിവാസ് പറവൂർ, ആർ.എസ്​.പി നേതാവ് കെ. രജികുമാർ, കേരള കോൺഗ്രസ്-ജേക്കബ് ഹൈപ്പർ കമ്മിറ്റി അംഗം രാജു പാണാലിക്കൽ, സി.ഐ. വർഗീസ്, വി.പി. വിൽസൺ, അജ്മൽ കെ. മുജീബ്, ഫ്രാൻസിസ് കളത്തുങ്കൽ, പി.എം. ദിനേശൻ, വിനു കുര്യാക്കോസ്, ഹാഷിം ചേന്ദാമ്പിള്ളി, കെ.എസ്. ഹരികുമാർ, കെ.കെ. ശോഭ, സാബു പരിയാരം, പി.പി. മുഹമ്മദ്, ടോമി പോൾ, മാരിയ അബു, എം.യു. രഹനാസ് തുടങ്ങിയവർ പങ്കെടുത്തു. ഐക്യദാർഢ്യ സമിതി ജില്ല ജനറൽ കൺവീനർ കെ.പി. സാൽവിൻ സ്വാഗതവും ഷിബു പീറ്റർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.