കെണിയിൽപെടുത്തി വ്യവസായിയുടെ പണം തട്ടി; യുവതി അറസ്റ്റിൽ

കാക്കനാട്: കെണിയിൽപെടുത്തി യുവ വ്യവസായിയിൽനിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിൽ കാക്കനാട് സ്വദേശിനിയായ യുവതിയെ അറസ്റ്റ് ചെയ്തു. കാക്കനാടിനുസമീപം എൻ.ജി.ഒ ക്വാർട്ടേഴ്സ് എം.ഐ.ആർ ഫ്ലാറ്റിൽ താമസിച്ചിരുന്ന കുരുംതോട്ടത്തിൽ ഷിജിമോളാണ്​ (34) തൃക്കാക്കര പൊലീസിന്‍റെ പിടിയിലായത്. നഗ്​നചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണയായി മലപ്പുറം സ്വദേശിയിൽനിന്ന് 38 ലക്ഷം രൂപയാണ്​ ഷിജിമോൾ തട്ടിയത്. കഴിഞ്ഞ സെപ്റ്റംബറിൽ സ്ത്രീ സുഹൃത്തിനെ കാണാനായി കാക്കനാട് അമ്പാടിമൂലയിലെ ഫ്ലാറ്റിലെത്തിയ യുവാവിനെ മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി മയക്കിയ ശേഷം ഷിജിമോൾ ദൃശ്യങ്ങളും ചിത്രങ്ങളും എടുക്കുകയായിരുന്നു. രണ്ട് ദിവസത്തിനുശേഷം ഇയാളെ ഫോണിൽ വിളിച്ച് തന്‍റെ പക്കൽ ദൃശ്യങ്ങളും ചിത്രങ്ങളും ഉണ്ടെന്നും ഇവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ലൈംഗികബന്ധത്തിലേർപ്പെട്ട വിവരം കുടുംബാംഗങ്ങളോട് പറയുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നുവെന്ന്​ പൊലീസ് പറഞ്ഞു. 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തശേഷം, താൻ ഗർഭിണിയാണെന്നും ഇനി ഫ്ലാറ്റിൽ നിൽക്കാൻ സാധിക്കില്ലെന്നും അതുകൊണ്ടുതന്നെ താമസിക്കാൻ വീട് വാങ്ങാൻ പണം നൽകണമെന്നും അല്ലാത്തപക്ഷം വീട്ടിലേക്ക് വരുമെന്നും ഭീഷണിപ്പെടുത്തിയതോടെ പരാതിക്കാരൻ ആത്മഹത്യക്ക്​ ശ്രമിച്ചു. തുടർന്നും പണം ആവശ്യപ്പെടുന്ന സാഹചര്യം ഉണ്ടായതോടെയാണ് പൊലീസിൽ പരാതി നൽകിയത്. ആറുവർഷം മുമ്പ് സുഹൃത്തുമൊത്ത് എറണാകുളത്ത് എത്തിയപ്പോൾ പരിചയപ്പെട്ട ഇടനിലക്കാരിയുടെ നമ്പറിലേക്ക് വിളിച്ചപ്പോഴാണ്​ ഷിജിമോളുടെ നമ്പറിലേക്ക് കോൾ പോയത്. തുടർന്ന്, ഇവർ ക്ഷണിച്ചതനുസരിച്ച് ഫ്ലാറ്റിൽ എത്തുകയായിരുന്നു. തൃക്കാക്കര എ.സി.പി പി.വി. ബേബിയുടെ നിർദേശപ്രകാരം നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്. തൃക്കാക്കര സി.ഐ ആർ. ഷാബു, എസ്.ഐമാരായ വി.വി. വിഷ്​ണു, അനീഷ്, എൻ.ഐ. റഫീഖ്, റോയ് കെ. പുന്നൂസ്, എ.എസ്.ഐ ശിവകുമാർ, സി.പി.ഒമാരായ ജാബിർ, ശബ്ന, ജയശ്രീ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. വരാപ്പുഴ പെൺവാണിഭക്കേസിൽ അറസ്റ്റിലായിരുന്ന പ്രതിക്ക്​ മറ്റ്​ കേസുകളുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.