സജീവ‍‍െൻറ മൃതദേഹം സംസ്കരിച്ചു; ആത്മഹത്യ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്

സജീവ‍‍ൻെറ മൃതദേഹം സംസ്കരിച്ചു; ആത്മഹത്യ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറവൂർ: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത മത്സ്യത്തൊഴിലാളി മാല്യങ്കര കോയിക്കൽ സജീവ‍‍ൻെറ (57) മൃതദേഹം സംസ്കരിച്ചു. കോവിഡ് പരിശോധനയിൽ പോസിറ്റിവ് ആയിരുന്നു. എറണാകുളം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടുനൽകി. വെള്ളിയാഴ്ച രാവിലെ 11.30ടെ മാല്യങ്കരയിലെ വീട്ടിലെത്തിച്ച മൃതദേഹം 15 മിനിറ്റ് പൊതുദർശനത്തിന് വെച്ചു. പറവൂർ തോന്നിയക്കാവ് പൊതുശ്മശാനത്തിലായിരുന്നു സംസ്ക്കാരം. വീടി‍ൻെറ വസ്തു തരംമാറ്റാൻ അപേക്ഷ നൽകി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി നിരാശനായ സജീവനെ വീടിന് സമീപത്തെ മരത്തിലാണ്​ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മുഖ്യമന്ത്രിയും സർക്കാറുമാണ് ത‍‍ൻെറ മരണത്തിന് ഉത്തരവാദികളെന്ന് സൂചിപ്പിക്കുന്ന സജീവൻ എഴുതിയ കത്ത് മൃതദേഹത്തിൽനിന്ന്​ ലഭിച്ചിരുന്നു. മത്സ്യത്തൊഴിലാളിയായ സജീവന്​ നാലുസെന്റ് ഭൂമിയും വീടുമാണുള്ളത്. നേരത്തെ ഒരു ചിട്ടിക്കമ്പനിയിൽ വീടി‍ൻെറ ആധാരം പണയംവെച്ചിരുന്നു. അത് അവിടെനിന്ന് എടുക്കേണ്ട സമയമായപ്പോൾ മറ്റൊരു ബാങ്കിൽ കൂടുതൽ തുകക്ക് ആധാരം വെക്കാൻ തീരുമാനിച്ചു. ബാങ്കിൽനിന്ന്​ തുക ലഭിക്കുമ്പോൾ തിരിച്ചുകൊടുക്കാമെന്നു കരുതി പലരുടെയും കൈയിൽനിന്ന്​ കടം വാങ്ങിയാണ് ചിട്ടിക്കമ്പനിയിൽനിന്ന് ആധാരം എടുത്തത്. ആധാരവുമായി ബാങ്കിൽ എത്തിയപ്പോഴാണ് വസ്തു നിലമാണെന്ന് മനസ്സിലായത്. ഇത് പുരയിടമാക്കി മാറ്റിയാൽ മാത്രമേ വായ്പ നൽകാൻ സാധിക്കുകയുള്ളൂവെന്ന് ബാങ്ക് അറിയിച്ചു. ഇതുപ്രകാരം ഭൂമി തരംമാറ്റാൻ ശ്രമങ്ങൾ തുടങ്ങിയിട്ട് ഒന്നര വർഷമായി. പലതവണ വില്ലേജ്, താലൂക്ക്, ഫോർട്ട്കൊച്ചി ആർ.ഡി ഓഫിസുകളിൽ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. ഇതിൽ നിരാശ തോന്നിയാണ് സജീവൻ ആത്മഹത്യ ചെയ്തത്. വടക്കേക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം ആത്മഹത്യ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഫോര്‍ട്ട്കൊച്ചി ആര്‍.ഡി.ഒ ഓഫിസിലെ ക്രമക്കേടുകൾ സംബന്ധിച്ചും ശരിയായ രീതിയിൽ അന്വേഷണം നടത്തണം. ഇനിയൊരു സജീവന് ഇതുപോലെ ഗതികേട് ഉണ്ടാകരുത്. വരുന്ന സമ്മേളനത്തിൽ ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കും. വമ്പന്മാര്‍ക്കുമുന്നില്‍ മാത്രമാണ് ചുവപ്പുനാടകള്‍ അഴിയപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.