കലക്ടർ അനുമതി നൽകി, അട്ടിപ്പേറ്റി നഗർ റോഡിന് ശാപമോക്ഷമാകുന്നു

കാക്കനാട്: ആറുമാസത്തിലധികമായി തകർന്നുകിടക്കുന്ന ചെമ്പുമുക്ക് അട്ടിപ്പേറ്റി നഗർ റോഡിന് ശാപമോക്ഷമാകുന്നു. തൃക്കാക്കര നഗരസഭയുടെ ഇടപെടലിനെ തുടർന്നാണ് കൊച്ചി മെട്രോക്ക് ചുമതലയുള്ള റോഡ് അറ്റകുറ്റപ്പണി നടത്താൻ അനുമതി ലഭിച്ചത്. റോഡ് നന്നാക്കാനും സമീപത്തെ തോടിന് സംരക്ഷണഭിത്തി നിർമിക്കാനും നഗരസഭ കൗൺസിൽ തുക അനുവദിച്ചിട്ടുണ്ട്. നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ജില്ല കലക്ടറുമായി നടത്തിയ ചർച്ചയിലാണ് റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ നഗരസഭയ്ക്ക് അനുമതി നൽകിയത്. രണ്ടു ഘട്ടങ്ങളിലായി 65 ലക്ഷത്തോളം രൂപയാണ് ഇതിനായി നഗരസഭ വകയിരുത്തിയിട്ടുള്ളത്. കൊച്ചി മെട്രോയുടെയും ജലസേചന വകുപ്പിന്റെയും അനുമതി ലഭിച്ചാൽ ഉടൻതന്നെ നിർമാണം ആരംഭിക്കാനാണ് തീരുമാനം. കഴിഞ്ഞ വർഷകാലത്ത് കനത്ത മഴയെ തുടർന്നായിരുന്നു അട്ടിപ്പേറ്റി നഗർ റോഡ് തകർന്നത്. ചെമ്പുമുക്കിൽനിന്ന് ഇടപ്പള്ളി തോടിൻന്‍റെ വശത്ത് കൂടിയായിരുന്നു അട്ടിപ്പേറ്റി നഗറിലേക്കുള്ള റോഡ്. ശക്തമായ വെള്ളപ്പാച്ചിലിൽ തോടിന്‍റെ സംരക്ഷണ ഭിത്തി ഇടിയുകയും മീറ്ററുകളോളം ഭാഗത്ത് റോഡ് വിണ്ടു കീറുകയുമായിരുന്നു. റോഡിനോട് ചേർന്ന ചെമ്പുമുക്ക് സെൻ മൈക്കിൾസ് പള്ളിയുടെ പാരിഷ് ഹാളിന്റെ കെട്ടിടത്തിനും നാശനഷ്ടം സംഭവിച്ചിരുന്നു. അപകടാവസ്ഥയിലായതിനെ തുടർന്ന് റോഡിലൂടെയുള്ള ഗതാഗതം തടയുകയും ചെയ്തു. നേരത്തേ ജലസേചന വകുപ്പിന് കീഴിലുണ്ടായിരുന്ന റോഡിന്റെയും തോടിന്റെയും സംരക്ഷണവും അറ്റകുറ്റപ്പണിയും നിലവിൽ കൊച്ചിമെട്രോക്കാണ്. ഇരുവരും തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് ആറുമാസത്തോളം ആയിട്ടും റോഡ് നന്നാക്കാത്ത സ്ഥിതി വന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.