പുറയാര്‍ റെയിൽവേ മേല്‍പാലത്തിന് സാധ്യത തെളിഞ്ഞു

ദേശം: പതിറ്റാണ്ടുകളുടെ മുറവിളികള്‍ക്കൊടുവില്‍ പുറയാര്‍ റെയിൽവേ മേൽപാലത്തിന് സാധ്യത തെളിഞ്ഞു. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ കിഫ്ബിയില്‍നിന്ന് 9.03 കോടിയോളം റവന്യൂ വകുപ്പിന് കൈമാറിയതായി അന്‍വര്‍സാദത്ത് എം.എല്‍.എ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ഏഴു മിനിറ്റ്​ ഇടവിട്ടാണ് പുറയാര്‍ റെയിൽവേ ഗേറ്റിലൂടെ സ്വകാര്യ ബസുകള്‍ കടന്ന് പോകുന്നത്. ആലുവ-ചൊവ്വര റെയിൽവേ സ്​റ്റേഷനുകളുടെ മധ്യഭാഗത്തുള്ള റെയിൽവേ ഗേറ്റാണ് പുറയാര്‍. അങ്കമാലിയില്‍നിന്നും ആലുവയില്‍നിന്നും ട്രെയിന്‍ പുറപ്പെടുമ്പോൾ ഗേറ്റ് അടച്ചിടും. കിഫ്ബിയില്‍നിന്ന് 45.67 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. സ്ഥലമേറ്റെടുക്കാന്‍ ആവശ്യമായ തുക കഴിച്ച് 36.65 കോടിയാണ് പാലം നിർമിക്കാന്‍ വിനിയോഗിക്കുക. കിഫ്ബിയില്‍നിന്ന്​ അനുവദിച്ച തുക സ്ഥലമുടമകള്‍ക്ക് കൈമാറി റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുത്ത് റോഡ്സ് ആൻഡ്​ ബ്രിഡ്ജസ് കോര്‍പറേഷന് കൈമാറും. തുക കൈമാറിയ ശേഷമായിരിക്കും പാലം പണിയുന്നതിന് ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.