'ഓപറേഷൻ വാഹിനി' തോടുകളിൽ നീരൊഴുകും, സുഗമമായി

'ഓപറേഷൻ വാഹിനി' തോടുകളിൽ നീരൊഴുകും, സുഗമമായി കൊച്ചി: പെരിയാറിലെയും മൂവാറ്റുപുഴയാറിലെയും കൈവഴികളിലെ നീരൊഴുക്ക് സുഗമമാക്കാൻ 'ഓപറേഷൻ വാഹിനി' പദ്ധതിയുമായി ജില്ല ഭരണകൂടം. വരുന്ന കാലവർഷത്തിനു മുമ്പ് തോടുകളിലെ മാലിന്യങ്ങളും മറ്റ് നിക്ഷേപങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. ജലസേചന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നഗര വികസന വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി. കാലവർഷത്തിനു മുമ്പ് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ കൈത്തോടുകളിൽ നിറഞ്ഞിരിക്കുന്ന എക്കൽമണ്ണ്, ചളി മറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ തദ്ദേശസ്ഥാപനങ്ങൾ കായൽ മുഖങ്ങൾ തുറക്കുന്ന പ്രവൃത്തികളും ഇതോടൊപ്പം പൂർത്തിയാക്കും. പുഴകളിൽ നിന്നും കായലിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിനാണിത്. വെള്ളപ്പൊക്കം തടയാനും ഇതു വഴി സാധിക്കും. ഇതോടൊപ്പം പൊതുജനങ്ങൾക്കും നീരൊഴുക്കിന് തടസ്സം നിൽക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അധികാരികളെ അറിയിക്കാം. പരാതികളിൽ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് കലക്ടർ ജാഫർ മാലിക് അറിയിച്ചു കോവിഡാനന്തര രോഗനിര്‍ണയം; മൊബൈൽ ക്ലിനിക് പര്യടനം തുടങ്ങി കൊച്ചി: സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ കോവിഡാനന്തര രോഗങ്ങളുടെയും ജീവിതശൈലി രോഗങ്ങളുടെയും നിര്‍ണയവും തുടർചികിത്സയും ലക്ഷ്യമിട്ട് മൊബൈൽ ക്ലിനിക് പര്യടനം തുടങ്ങി. ജില്ല ഭരണകൂടം, ആരോഗ്യ വകുപ്പ്, ദേശീയാരോഗ്യ ദൗത്യം, എറണാകുളം കരയോഗം, ഭാരത് പെട്രോളിയം കോർപറേഷന്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് രോഗനിർണയ - തുടർ ചികിത്സ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ദര്‍ബാർഹാൾ റോഡിൽ നടന്ന ചടങ്ങിൽ ജില്ല കലക്ടർ ജാഫർ മാലിക് മൊബൈൽ ക്ലിനിക്കിന്‍റെ ഫ്ലാഗ് ഓഫ് നി‍ർവഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസർ ഡോ. വി. ജയശ്രീ, ദേശീയാരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. സജിത് ജോൺ, എറണാകുളം കരയോഗം സെക്രട്ടറി രാമചന്ദ്രന്‍, ആരോഗ്യ വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്‍റ് പി.എന്‍. ശ്രീനിവാസന്‍, ഡോ. പാർവതി, ഡോ. ബാബു ഫ്രാന്‍സിസ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ തീരമേഖലയിലാണ് മൊബൈൽ ക്ലിനിക് ആദ്യഘട്ടത്തിൽ പര്യടനം നടത്തുന്നത്. സൗജന്യമായി രോഗനിർണയവും തുടർചികിത്സയ്ക്കുള്ള മാർഗനിർദേശവും ക്ലിനിക്കിൽ ലഭിക്കുമെന്ന് ദേശീയാരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജർ ‍ഡോ. സജിത് ജോണ്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.