ബജറ്റ് ആരെയും നിരാശപ്പെടുത്താത്തത് -വികാസ് അഗർവാൾ

മട്ടാഞ്ചേരി: അടിസ്ഥാന സൗകര്യ വികസനത്തിലും 14 മേഖലകൾക്കുള്ള ഉൽപാദന ഇൻസെന്‍റീവുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച്​ ​ആരെയും നിരാശപ്പെടുത്താത്തതാണ്​ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന്​ ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ്​ ഇൻഡസ്ട്രി ചെയർമാൻ വികാസ് അഗർവാൾ. വെർച്വൽ ഡിജിറ്റൽ അസറ്റിന്‍റെ കൈമാറ്റത്തിന് 30% നികുതി ഏർപ്പെടുത്തുന്നത് അതിന്​ നിയമസാധുത നൽകുന്നു. മാത്രമല്ല, അത് പ്രാഥമികമായി ഒരു ഊഹക്കച്ചവട ആസ്തിയാണെന്ന് കണക്കാക്കുകയും അതനുസരിച്ച് നികുതി ചുമത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, മിക്ക ക്രിപ്‌റ്റോ അസറ്റുകളുടെയും വികേന്ദ്രീകൃത സ്വഭാവം കണക്കിലെടുക്കുമ്പോൾ ഇവയുടെ നടപ്പാക്കൽ വെല്ലുവിളിയാവും. കേരളത്തെ സംബന്ധിച്ചിടത്തോളം, ഒട്ടുമിക്ക സഹകരണ സംഘങ്ങളും റബർ, സുഗന്ധവ്യഞ്ജന, കാർഷിക മേഖലയിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ സഹകരണ സംഘങ്ങൾക്ക് മാറ്റ് നിരക്ക് 15 ശതമാനമായും സർചാർജ് ഏ​ഴ്​ ​ശതമാനമായും കുറച്ചത് സ്വാഗതാർഹമാണ്. ഇ.എൽ.സി.ജി.എസ് സ്കീം വിഹിതം 50,000 കോടിയിൽനിന്ന് അഞ്ചു ലക്ഷം കോടിയായി ഉയർത്തുന്നത് 10 മടങ്ങ് വർധന ഉണ്ടായെന്ന് കരുതാമെങ്കിലും കഴിഞ്ഞ രണ്ടുവർഷമായി ഏറ്റവും കൂടുതൽ തിരിച്ചടികൾ നേരിട്ട എം.എസ്.എം.ഇ വിഭാഗത്തിന് ഇത് മതിയാകില്ല. സ്റ്റാർട്ടപ്പുകൾക്കും നിർമാണ വ്യവസായങ്ങൾക്കും ഒരു വർഷത്തേക്കുകൂടി നികുതി ആനുകൂല്യങ്ങൾ നീട്ടുന്നത് ആശ്വാസം നൽകും. സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യവികസനച്ചെലവുകൾക്കായി ഒരു ലക്ഷം കോടി രൂപ അധികം ലഭിക്കുന്നത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വികാസ് അഗർവാൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.