കാക്കനാട് റൂട്ടിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം

കെ.എസ്.ആർ.ടി.സി ഡ്രൈവർ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയില്ല മൂവാറ്റുപുഴ: കാക്കനാട്-മൂവാറ്റുപുഴ റൂട്ടിൽ ബസ് ജീവനക്കാർ തമ്മിലെ തർക്കങ്ങളും സംഘർഷവും തുടരുന്നു. യാത്രക്കാരടക്കം പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ തയാറാകാത്ത പൊലീസ് നടപടിയും വിവാദമാകുകയാണ്. റോഡിൽ സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ തമ്മിലെ തർക്കങ്ങൾ യാത്രക്കാർക്കും ഭീഷണിയായിമാറിയിട്ട് നാളുകളായി. കഴിഞ്ഞ ദിവസം ഈ റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിന്റെ ഡ്രൈവറെ സ്വകാര്യബസിലെ ഡ്രൈവർ ആക്രമിക്കാൻ ശ്രമിക്കുകയും കെ.എസ്.ആർ.ടി.സി ബസ്​ ഓടുന്നതിനിടെ മുന്നിലുണ്ടായിരുന്ന സ്വകാര്യബസ് പൊടുന്നനെ നിർത്തിയ ശേഷം പിന്നിലേക്കെടുത്ത് ബസിൽ ഇടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതാണ് ഒടുവിലത്തെ സംഭവം. ഇതിനെതിരെ കെ.എസ്.ആർ.ടി.സി ഡ്രൈവർ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഒടുവിൽ സ്വകാര്യബസ് ജീവനക്കാരുടെ ആക്രമണത്തിൽനിന്ന്​ രക്ഷപ്പെടാൻ മറ്റ് റൂട്ടുകളിലെ ബസ് ഓടിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കുകയാണ് ഡ്രൈവർ. സ്വകാര്യബസുകൾ മാത്രം സർവിസ് നടത്തിയിരുന്ന കാക്കനാട് പാതയിൽ കെ.എസ്.ആർ.ടി.സി സർവിസ് ആരംഭിച്ചപ്പോൾ മുതൽ തുടങ്ങിയ തർക്കങ്ങളാണ് ഇപ്പോഴും തുടരുന്നത്. ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിനു പിന്നിലും മുന്നിലുമായി സ്വകാര്യബസുകൾ മത്സര ഓട്ടം നടത്തി ശ്വാസംമുട്ടിക്കുന്നതും പതിവായിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസിനെ കടത്തിവിടാതെ റോഡിനുനടുവിലൂടെ സ്വകാര്യബസുകൾ സർവിസ് നടത്തുന്നത് യാത്രക്കാർ തമ്മിൽ തർക്കത്തിനും കാരണമാകാറുണ്ട്. അമിതവേഗത്തിൽ ബസുകൾ പായുന്നതുമൂലം അപകടങ്ങളും പതിവാണ്. കെ.എസ്.ആർ.ടി.സി ബസുകളുടെ സമയക്രമം ഡിപ്പോയിലെ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സ്വകാര്യബസുകൾക്ക്​ സഹായകമാകുന്ന വിധത്തിൽ നിശ്ചയിക്കുന്നതായി കെ.എസ്.ആർ.ടി.സി ജീവനക്കാർതന്നെ പരാതിപ്പെട്ടിട്ടും ഒരുനടപടിയും ഉണ്ടായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.