ഫുട്പാത്തുകൾ കച്ചവടക്കാർ കൈയടക്കുന്നുവെന്ന് സ്മാർട്ട് സിറ്റി മിഷൻ ഹൈകോടതിയിൽ

കൊച്ചി: നഗരത്തിലെ ഫുട്‌പാത്തുകളും പാതയോരങ്ങളും കല്ലുകൾ പാകി ശരിപ്പെടുത്തുന്നതോടെ അനധികൃത കച്ചവടക്കാർ അവിടം കൈയടക്കുന്നുവെന്ന് കൊച്ചി സ്മാർട്ട്സിറ്റി മിഷൻ ലിമിറ്റഡും അമിക്കസ് ക്യൂറിയും ഹൈകോടതിയിൽ. അവിടെ ബങ്കുകളും സ്റ്റാളുകളും സ്ഥാപിക്കപ്പെടുകയാണെന്നും അവർ വ്യക്തമാക്കി. ഇത് അനുവദിക്കാനാകില്ലെന്നും അവർക്കെതിരെ നടപടിവേണമെന്നും ഹൈകോടതി. കൊച്ചി നഗരത്തിലെ തെരുവ് കച്ചവടക്കാരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹരജികളിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. നഗരസഭയുടെ ലൈസൻസില്ലാതെ തെരുവ്​ കച്ചവടക്കാരെ അനുവദിക്കരുതെന്ന് നേരത്തേ ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനുശേഷമാണ് ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും കൊച്ചി സ്മാർട്ട് സിറ്റി മിഷൻ അധികൃതരും ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് നൽകിയത്. അനധികൃത കച്ചവടക്കാർ യഥാർഥ തെരുവുകച്ചവടക്കാരുടെ ഉപജീവനം അട്ടിമറിക്കുകയാണെന്നും യഥാർഥത്തിൽ ഇവർ പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഹൈകോടതി കുറ്റപ്പെടുത്തി. ഇത്തരക്കാരെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ നഗരസഭയുടെയും നിയമം നടപ്പാക്കുന്ന ഏജൻസികളുടെയും അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. അർഹരായ തെരുവു കച്ചവടക്കാരെ കണ്ടെത്തുന്ന നടപടി ശ്രമകരമായി പൂർത്തിയാക്കുന്നതിനിടെയാണ് ഇത്തരക്കാർ കടന്നു വരുന്നത്. വില കുറഞ്ഞ തുണിത്തരങ്ങളും മറ്റ്​ സാധനങ്ങളും കച്ചവടം ചെയ്യുന്ന ചെറു കച്ചവടക്കാരെ തകർക്കുന്ന തരത്തിൽ അനധികൃത കച്ചവടക്കാർ രംഗത്തെത്തുന്നത് അനുവദിക്കാനാകില്ല. ഇവരെ തടയാൻ നഗരസഭയും ജില്ല ഭരണകൂടവും കോടതിയുമൊക്കെ ഇതുവരെ സ്വീകരിച്ച നടപടികൾ വിഫലമാകാൻ അനുവദിക്കില്ലെന്നും ഹൈകോടതി പറഞ്ഞു. നഗരസഭ താൽക്കാലികമായി ലൈസൻസ് നൽകിയ 1589 പേരുടെ ലൈസൻസിന്‍റെ കാലാവധി മാർച്ച് നാലുവരെ നീട്ടി. ഇവരുടെ അപേക്ഷകളിൽ സൂക്ഷ്മ പരിശോധനക്ക്​ കൂടുതൽ സമയം വേണമെന്ന് നഗരസഭ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. തെരുവ് കച്ചവടങ്ങൾ നിരീക്ഷിക്കണം തെരുവ് കച്ചവടങ്ങൾ നിരീക്ഷിക്കാൻ കലക്ടറും സിറ്റി പൊലീസ് കമീഷണറും അമിക്കസ് ക്യൂറിയും മേയറും കൊച്ചി സ്മാർട്ട് സിറ്റി മിഷൻ സി.ഇ.ഒയുമടങ്ങുന്ന ഒരു സമിതിക്ക് രൂപം നൽകണമെന്ന് ഹൈകോടതി നിർദേശിച്ചു. സമിതി മാസത്തിലൊരു തവണ യോഗം ചേരണം. ലൈസൻസുള്ള കച്ചവടക്കാരാണ് സ്ഥലത്തുള്ളതെന്ന് ഇവർ ഉറപ്പുവരുത്തണം. ഇതിനായി നഗരസഭയിൽനിന്നും സ്ട്രീറ്റ് വെൻഡിങ് കമ്മിറ്റിയിൽ നിന്നും ജാഗ്രതാ സമിതികളിൽ നിന്നും സമിതി റിപ്പോർട്ടുകൾ തേടണം. അനധികൃത കച്ചവടക്കാരെ കണ്ടെത്തിയാൽ നടപടിയെടുക്കണം. സിറ്റി പൊലീസ് കമീഷണർ ഒരു സംഘത്തെ നിയോഗിച്ച് അനധികൃത കച്ചവടങ്ങൾക്ക് സഹായിക്കുന്ന സംഘങ്ങളോ വ്യക്തികളോ ഉണ്ടെങ്കിൽ കണ്ടെത്തണം. അന്വേഷണ പുരോഗതി പ്രതിമാസ റിപ്പോർട്ടിലൂടെ അറിയിക്കണമെന്നും ഹൈകോടതി നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.