കുറിച്ചിലക്കോട് കോരമംഗലം പാടത്ത് വെള്ളമെത്തി

സമീപത്തെ കിണറുകളില്‍ ജലവിതാനം ഉയര്‍ന്നു പെരുമ്പാവൂര്‍: കുറിച്ചിലക്കോട് കോരമംഗലം 40 ഏക്കറോളം വരുന്ന പാടശേഖരത്തില്‍ 20 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഈ വേനലില്‍ വെള്ളമെത്തി. ജില്ല പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിൽപെടുത്തി 20 ലക്ഷം രൂപ മുടക്കിയാണ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലൂടെ കോരമംഗലം പാടത്ത് വെള്ളമെത്തിച്ചത്. ജനുവരി മാസമാകുമ്പോഴേക്കും പാടശേഖരത്തില്‍ വെള്ളം ഇല്ലാതാകുന്ന സാഹചര്യമായിരുന്നു. വെള്ളമില്ലാത്തതിനാല്‍ വേനല്‍ക്കാലത്ത് ഇവിടെ കൃഷിചെയ്യാന്‍ കഴിയാറില്ല. വെള്ളമെത്തിയതോടെ വര്‍ഷത്തില്‍ മൂന്നുവട്ടം കൃഷിയിറക്കാനുള്ള സാഹചര്യമായി. ഇവിടെ വെള്ളം എത്തിക്കുന്നതിന് 20 വര്‍ഷം മുമ്പ് ആരംഭിച്ച ജലസേചന പദ്ധതി പാതിവഴിയില്‍ നിലച്ചുപോയതിനെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ജില്ല പഞ്ചായത്ത് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. പ്ലാങ്കുടി തോടിന് സമീപം മോട്ടോര്‍പുര സ്ഥാപിക്കുകയും 25 എച്ച്.പിയുടെ മോട്ടോര്‍ സ്ഥാപിക്കുകയും ഒരുകിലോമീറ്റര്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചുമാണ് പാടശേഖരത്തിന്റെ മധ്യഭാഗത്ത് ഇപ്പോള്‍ വെള്ളമെത്തിച്ചത്. ഇവിടെ വെള്ളമെത്തിയതോടെ സമീപത്തെ ഒട്ടേറെ കിണറുകളില്‍ ജലവിതാനം ഉയര്‍ന്നു. ഇതോടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകുകയാണ്. പദ്ധതിയുടെ പരിപാലനച്ചുമതല ഏറ്റെടുത്തിരിക്കുന്നത് കോരമംഗലം പാടശേഖര സമിതിയും ലിഫ്റ്റ് ഇറിഗേഷന്‍ കമ്മിറ്റിയുമാണ്. പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം മനോജ് മൂത്തേടന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ സിന്ധു അരവിന്ദ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ സന്ധ്യ രാജേഷ്, ബിന്ദു കൃഷ്ണകുമാര്‍, ബിനു മാതംപറമ്പില്‍, ടി.എന്‍. സദാശിവന്‍, എല്‍ദോ പാത്തിക്കല്‍, ശിവന്‍ കളപ്പറ, ബിജു വേഴപ്പിള്ളി, രാധാകൃഷ്ണന്‍ കുഴുപ്പിള്ളില്‍, എം.കെ. രാജന്‍, മനു ഞാറമ്പിള്ളി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.