കുടുംബാരോഗ്യ കേന്ദ്രം: നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യം

മഞ്ഞള്ളൂർ, ആവോലി, കല്ലൂർക്കാട്, മാറാടി , ആയവന എന്നിവിടങ്ങളിൽ നടപടി വൈകുന്നു മൂവാറ്റുപുഴ: കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയ പി.എച്ച്.സികളുടെ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ 10 പി.എച്ച്.സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിരുന്നു. രാവിലെ മുതൽ വൈകീട്ട് ആറുവരെ രോഗികൾക്ക് സേവനം നൽകുക എന്നതാണ് ലക്ഷ്യം. ഇതിനായി ഡോക്ടർമാരുടെയും ഇതര ജീവനക്കാരുടെയും എണ്ണം വർധിപ്പിക്കാനും അടിസ്ഥാന സൗകര്യവും ലാബ്, ഫാർമസി എന്നിവയുടെ ക്രമീകരണമുൾപ്പെടെ ആരോഗ്യവകുപ്പ് നിഷ്​കർഷിക്കുന്ന മാനദണ്ഡങ്ങൾക്കനുസൃതമായി ആശുപത്രികളെ ഒരുക്കാനും തീരുമാനിച്ചിരുന്നു. പായിപ്ര, കടവൂർ, പോത്താനിക്കാട്, പാലക്കുഴ, വാളകം, ആവോലി പി.എച്ച്.സികളുടെ നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനം നടന്നു. മഞ്ഞള്ളൂർ, ആവോലി, കല്ലൂർക്കാട്, മാറാടി ആയവന എന്നിവിടങ്ങളിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്ന നടപടികൾ വൈകുകയാണ്. എം.എൽ.എ ഫണ്ട്, എൻ.എച്ച്.എം ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ടുകൾ ഉപയോഗിച്ചാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്. ഇതിന്​ കഴിഞ്ഞ സർക്കാറിന്‍റെ കാലയളവിൽ മഞ്ഞള്ളൂർ പി.എച്ച്.സിക്ക് എം.എൽ.എ ഫണ്ട് ഉൾപ്പെടെ 1.25 കോടി രൂപ ചെലവിൽ പുതിയ മന്ദിരം പണിതീർത്തിരുന്നു. മാറാടിയിൽ 40 ലക്ഷം രൂപക്ക്​ പുതിയ മന്ദിരം പണിതു. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ മൂന്ന്​ ഡോക്ടർമാർ വേണം എന്നിരിക്കെ ആവോലിയിൽ രണ്ടും ആയവന, മാറാടി എന്നിവിടങ്ങളിൽ ഓരോ ഡോക്ടർമാരും മാത്രമേയുള്ളൂ. ആവോലി, മഞ്ഞള്ളൂർ ആശുപത്രികളിൽ ലാബ് സജ്ജമാക്കി എങ്കിലും ടെക്​നീഷൻമാരെ നിയമിച്ചിട്ടില്ല. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ കല്ലൂർക്കാട് പി.എച്ച്.സിയിൽ പുതിയ നിർമാണ പ്രവൃത്തികൾ നടക്കുന്നതേയുള്ളൂ. തദ്ദേശസ്ഥാപനങ്ങൾ അതത് പഞ്ചായത്തുകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന്​ കൂടുതൽ തുക മാറ്റിവെക്കണമെന്ന്​ മുൻ എം.എൽ.എ എൽദോ എബ്രഹാം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.