നാടിന്‍റെ പ്രാർഥന വിഫലം; നജീബ് യാത്രയായി

EKD ANKA 01 CHMD നാടിന്‍റെ പ്രാർഥന വിഫലം; നജീബ് യാത്രയായി ചെങ്ങമനാട്: ഒന്നര മാസത്തെ ആശുപത്രിവാസത്തിനുശേഷം നജീബ് യാത്രയായി. മസ്തിഷ്കാഘാതത്തെ തുടർന്ന് എറണാകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ചെങ്ങമനാട് പനയക്കടവ് കക്കൂഴിപ്പറമ്പിൽ (പാറേപ്പറമ്പിൽ) വീട്ടിൽ പരേതനായ മുഹമ്മദിന്റെയും നഫീസയുടെയും മകൻ പി.എം. നജീബാണ് (38) മരിച്ചത്. കോൺഗ്രസ് ബൂത്ത് പ്രസിഡന്റും, പനയക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റി എക്സിക്യൂട്ടീവ്​അംഗവുമാണ്​. നജീബ് മേഖലയിലെ കലാ, കായിക, സാമൂഹിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. പ്രവാസി ജീവിതം മതിയാക്കി നാട്ടിൽ മടങ്ങിയെത്തിയശേഷം ഖാദിബോർഡിന്റെ സ്വയം തൊഴിൽ പദ്ധതിയിൽനിന്ന് വായ്പയെടുത്ത് വീടിനോട് ചേർന്ന് സോഡ യൂനിറ്റ് തുടങ്ങി പ്രവർത്തനം മെച്ചപ്പെടുത്തി വരുന്നതിനിടെയാണ് ഡിസംബർ 15ന് മസ്തിഷ്കാഘാതമുണ്ടായത്​. ഡോക്ടർമാർ വിദഗ്​ധ ശസ്ത്രക്രിയ നിദേശിച്ചതോടെ ഇതിനുള്ള ഭീമമായ സംഖ്യ കണ്ടെത്താൻ മഹല്ല് ജമാഅത്തും, നാടും കൈകോർത്ത് രണ്ട് ദിവസത്തിനകം ഫണ്ട് കണ്ടെത്തി. എന്നാൽ, ശസ്ത്രക്രിയ നടത്താനാവശ്യമായ ആരോഗ്യ പുരോഗതി കൈവരിച്ചിരുന്നില്ല. അതിനിടെയാണ്​ വെള്ളിയാഴ്ച പുലർച്ച 3.30 ഓടെ അന്ത്യം സംഭവിച്ചത്. ഭാര്യ: ഷംല മോൾ. മക്കൾ: മുഹമ്മദ് ഷെഹ്സാദ് (10), മുഹമ്മദ് ഫർഹാൻ (ഏഴ്), മുഹമ്മദ് ഹംദാൻ (നാല്). സഹോദരി: ബീമ ബീവി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.