യെച്ചൂരിയാണോ പിണറായിയാണോ നേതാവെന്ന് സി.പി.എം വ്യക്തമാക്കണം -ബെന്നി ബഹനാൻ എം.പി

കൊച്ചി: ലോക്പാൽ ബില്ലിന്‍റെ പരിധിയിൽ പ്രധാനമന്ത്രി അടക്കമുള്ളവരെ കൊണ്ടുവരണമെന്ന് രാജ്യസഭയിൽ ആവശ്യപ്പെട്ട സീതാറാം യെച്ചൂരിയാണോ ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാൻ ശ്രമിക്കുന്ന പിണറായി വിജയനാണോ നേതാവെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് ബെന്നി ബഹനാൻ എം.പി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. യെച്ചൂരി പറഞ്ഞതാണോ പിണറായി പറയുന്നതാണോ സി.പി.എം നിലപാടെന്നും അഖിലേന്ത്യ സെക്രട്ടറിയുടെ നയത്തിന് വിരുദ്ധ നിലപാടെടുക്കാൻ പി.ബി അംഗങ്ങൾക്കോ മുഖ്യമന്ത്രിക്കോ സാധിക്കുമോയെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കണം. താൻ പ്രതിയാകുമെന്ന പേടിയിലാണ് പിണറായി വിജയൻ ലോകായുക്തയുടെ ചിറകരിയാൻ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ മോദിയുടെ ശിഷ്യനാണ് പിണറായി. വി.എസ്. അച്യുതാനന്ദന് എതിരായ കോടതി വിധി കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്കെല്ലാം പാഠമാകണമെന്നും മാന്യതയുണ്ടെകിൽ സി.പി.എം നേതാക്കൾ ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയണമെന്നും ബെന്നി ബഹനാൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും ഹീനമായി ആക്ഷേപിച്ചവർക്കുള്ള താക്കീതാണ് കോടതിവിധി. ജനകീയനായ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയിൽനിന്ന്​ നേരായ രീതിയിൽ ഭരണം പിടിച്ചെടുക്കാൻ കഴിയില്ലെന്ന ബോധ്യത്തെതുടർന്നാണ് സി.പി.എം സോളാർ കേസ് ഉയർത്തിക്കൊണ്ടുവന്നത്. ഭരണം നേടിയെടുക്കാൻ വേണ്ടി മാത്രം ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെപ്പോലും വ്യക്തിപരമായി ആക്ഷേപിച്ചു. അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്ന രാഷ്ട്രീയ പ്രവർത്തകരെയും വ്യക്തിഹത്യ നടത്തി. നുണക്കഥകളും അപവാദ പ്രചാരണങ്ങളുംകൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സി.പി.എമ്മിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ് കോടതി വിധിയെന്നും ബെന്നി ബഹനാൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.