വ്യവസായ അനുകൂല അന്തരീക്ഷം: തടസ്സം നിൽക്കുന്നവർക്കെതിരെ കർശന നടപടി -മന്ത്രി പി. രാജീവ്

മെഷിനറി എക്‌സ്‌പോ-2022ന് തുടക്കം കൊച്ചി: സംസ്ഥാനത്ത് വ്യവസായ അനുകൂലാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്. ചില ഉദ്യോഗസ്ഥർ അവരുടെ മനോഭാവത്തിലും പ്രവർത്തനത്തിലും ഇനിയും മാറാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാറിന്റെ വ്യവസായ യന്ത്ര പ്രദര്‍ശന മേള 'മെഷിനറി എക്‌സ്‌പോ - 2022' കലൂര്‍ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടില്‍ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാവരും മാറി ചിന്തിക്കേണ്ടത് നാടിന്‍റെ ആവശ്യമാണ്. കൂടുതൽ സംരംഭങ്ങൾ ഇവിടെ ആരംഭിച്ചാൽ മാത്രമേ സംസ്ഥാനത്തിന്​ ഗുണകരമാകു. സർക്കാറിന് ക്ഷേമ പ്രവർത്തനങ്ങൾ ഉൾപ്പെടെ നടപ്പാക്കണമെങ്കിൽ കൂടുതൽ വരുമാനം ലഭിക്കണം. സംരംഭങ്ങൾ കൂടുതൽ ആരംഭിക്കണമെങ്കിൽ കേന്ദ്ര സർക്കാറിന്‍റെയും എല്ലാ വകുപ്പുകളുടെയും പൊതു സമൂഹത്തിന്‍റെയും പിന്തുണ വേണം. ഒരു വർഷത്തിനകം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യവുമായി സർക്കാർ മുന്നോട്ടു പോകുകയാണെന്നും മന്ത്രി പറഞ്ഞു. മേയർ എം.അനിൽകുമാർ അധ്യക്ഷത വഹിച്ചു. എക്സ്​പോ ഡയറക്ടറി പ്രകാശനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ വിശിഷ്ടാതിഥിയായി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്.ഹരികിഷോർ, കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി. രാജമാണിക്യം, കലക്ടർ ജാഫർ മാലിക്, കൗൺസിലർ ദീപ്തി മേരി വർഗീസ്, എം.എസ്.എം.ഇ ജോയന്‍റ്​ ഡയറക്ടർ ജി.എസ്. പ്രകാശ്, ഫിക്കി കോ ചെയർമാൻ ദീപക് അസ്വാനി, ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡന്‍റ് എം. ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു. വ്യവസായ വകുപ്പ് അഡീഷനല്‍ ഡയറക്ടർ കെ.സുധീർ സ്വാഗതവും ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി. എബ്രഹാം നന്ദിയും പറഞ്ഞു. വിവിധ മേഖലകളിലെ നൂതന സാങ്കേതിക വിദ്യയും യന്ത്രങ്ങളും സംരംഭകര്‍ക്ക് ഗുണകരമാകുംവിധം അവതരിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം. കാര്‍ഷിക ഭക്ഷ്യസംസ്‌കരണം, ജനറല്‍ എൻജിനീയറിങ്​, ഇലക്​ട്രിക്കല്‍ ഇലക്​ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലെ നൂതന യന്ത്ര സാമഗ്രികളാണ്​ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. മെഷിനറികളും സാങ്കേതിക സ്ഥാപനങ്ങളും അടക്കം 140 സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ചിത്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.