വിളക്കുകൾ സ്ഥാപിച്ചിട്ടും തൃക്കാക്കരയിൽ 'നിലാവ്' ഉദിക്കുന്നില്ല

കാക്കനാട്: 'നിലാവ്' പദ്ധതി പ്രാവർത്തികമായിട്ടും ഇരുട്ടിൽ തപ്പിത്തടഞ്ഞ് തൃക്കാക്കരക്കാർ. മാസങ്ങൾക്കു മുമ്പ്​ സ്ഥാപിച്ച നിരവധി വഴിവിളക്കുകൾ കത്താതെ വന്നതോടെയാണ് തൃക്കാക്കര നഗരസഭയിൽ പലയിടങ്ങളും ഇരുട്ടിലായത്. കൃത്യമായ വെളിച്ചമില്ലാത്തതിനാൽ അപകടങ്ങളും സ്ഥിരമായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പി‍ൻെറ അലംഭാവമാണ് നിലവിലെ അവസ്ഥക്ക് കാരണമെന്ന് അധികൃതർ പറഞ്ഞു. നഗരസഭയിൽ പലയിടത്തും വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രി ഇരുട്ട് മൂടുന്നതും സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായതും കണക്കിലെടുത്താണ് കോടിക്കണക്കിന് രൂപ ചെലവാക്കി നിലാവ് പദ്ധതി ആവിഷ്കരിച്ചത്. എൽ.ഇ.ഡി ലൈറ്റുകളും ഗാൽവനൈസ്ഡ് പോൾ ലൈറ്റുകളുമായിരുന്നു ഇതിനായി ഉപയോഗിച്ചത്. പ്രധാന റോഡുകളിൽ പൊതുമരാമത്ത് വകുപ്പിന്റെ ഇലക്​ട്രിക്കൽ വിഭാഗവും നഗരസഭയുടെ കീഴിലെ ഇടറോഡുകളിലും മറ്റും കരാർ കമ്പനിയുമായിരുന്നു ലൈറ്റുകൾ സ്ഥാപിച്ചത്. ഇതിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ലൈറ്റുകളാണ് ഉപയോഗശൂന്യമായി മാറിയത്. നഗരസഭയിലൂടെ പോകുന്ന പ്രധാന റോഡായ സീപോർട്ട് എയർപോർട്ട് റോഡിൽ പലയിടത്തും സമാന സ്ഥിതിയാണ്​. ഇവയിൽ പലതും പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ചതാണ്. ഇതുസംബന്ധിച്ച് പലതവണ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് നഗരസഭ അധികൃതർ പറയുന്നു. അതേസമയം കരാർ കമ്പനി സ്ഥാപിച്ച ബൾബുകൾ കാര്യമായ പരാതികൾക്ക് ഇടവരുത്തിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ഫോട്ടോ: കാക്കനാട് ചിറ്റേത്തുകരക്ക് സമീപം വഴിവിളക്കുകൾ കത്താത്തതിനാൽ സീപോർട്ട് എയർപോർട്ട് റോഡ് ഇരുട്ടിലായപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.