മട്ടാഞ്ചേരി: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തിങ്കളാഴ്ച മുതൽ പൂർണമായും കോവിഡ് ആശുപത്രിയായി മാറും. സാധാരണക്കാർ ആശ്രയിക്കുന്ന ആശുപത്രിയിൽ കോവിഡ് ബാധിതരായ ഗർഭിണികൾക്ക് മാത്രമായി ചികിത്സ പരിമിതപ്പെടുത്തിയത് വലിയ പ്രതിഷേധമാണ് ക്ഷണിച്ചുവരുത്തിയത്. നേരത്തേ ആശുപത്രിയുടെ ഒരു ഭാഗം സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റുമെന്ന് പറയുകയും ഇതിനായി ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ കോവിഡ് ബാധിതരായ ഗർഭിണികൾക്ക് മാത്രമായി ചികിത്സ പരിമിതപ്പെടുത്തിയിരിക്കയാണ്. ഇതിൻെറ ഭാഗമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ ഡിസ്ചാർജ് ചെയ്തു തുടങ്ങി. പ്രസവശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിൽ കഴിയുന്ന നാല് പേരാണ് ബാക്കി ഇവിടെയുള്ളത്. ഒരാൾ സാധാരണ പ്രസവം കഴിഞ്ഞ് ചികിത്സയിലുമുണ്ട്. ഇവരിൽ നാല് പേരെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റാനും ഒരാളെ ആവശ്യമെങ്കിൽ മാത്രം റഫർ ചെയ്യാനുമാണ് തീരുമാനം. നിലവിൽ ചികിത്സ തേടിക്കൊണ്ടിരിക്കുന്ന ഗർഭിണികളെ അവരവർക്ക് ഇഷ്ടമുള്ളയിടങ്ങളിലേക്ക് റഫർ ചെയ്യും. ഒന്നോ രണ്ടോ കോവിഡ് ബാധിതരായ ഗർഭിണികൾക്ക് വേണ്ടി ആശുപത്രി പൂർണമായും മാറ്റുന്നത് ശരിയല്ലെന്നും ജനറൽ ആശുപത്രിയിൽ തിരക്ക് മൂലം കൂടുതൽ പേരെ പ്രവേശിപ്പിക്കാൻ കഴിയില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളെ സാധാരണക്കാർക്ക് ആശ്രയിക്കേണ്ടി വരും. സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ മാത്രമേ പുതിയ സംവിധാനം ഒരുക്കുകയുള്ളൂവെന്ന് മഹാത്മ സാംസ്കാരിക വേദി ചെയർമാൻ ഷമീർ വളവത്ത് പറഞ്ഞു. തീരുമാനം പുനഃപരിശോധിക്കണമെന്നും അല്ലെങ്കിൽ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടീഷുകാർ ഒരുക്കി തന്ന സംവിധാനം പോലും ഇല്ലാതാക്കുന്ന നടപടിയാണ് ജനാധിപത്യ സർക്കാർ ആവിഷ്കരിക്കുന്നതെന്ന് യുവ ശബ്ദം സാംസ്കാരിക വേദി ചെയർമാൻ തോമസ് കൊറശ്ശേരി പറഞ്ഞു. അതേസമയം കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായെന്നും കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ശുചീകരണ പ്രവർത്തനങ്ങൾ നടന്ന് വരികയാണെന്നും ആശുപത്രി സൂപ്രണ്ട് സ്മിജി ജോർജ് ചിറമേൽ പറഞ്ഞു. അതേസമയം മട്ടാഞ്ചേരി ടൗൺഹാൾ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി മാറ്റിയിട്ടുണ്ട്. എഴുപത് കിടക്കകളാണുള്ളത്. ജീവനക്കാരെ നിയമിച്ചാൽ ഒരാഴ്ചക്കകം സെന്‍റർ തുടങ്ങാനാണ് തീരുമാനം. ചിത്രം.. കോവിഡ് ആശുപത്രിയാകുന്ന മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.