കളമശ്ശേരി: ഇടപ്പള്ളിയിലെ ഗതാഗതം സുഗമമാക്കുന്നതിന് മേൽപാലം നിർമാണവും റോഡിന്റെ വീതികൂട്ടലും ഉൾപ്പെടെയുള്ള സമഗ്ര രൂപരേഖ തയാറായതായി വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. ജനപ്രതിനിധികൾ, പൊലീസ്, ദേശീയപാത ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം മന്ത്രി ഇടപ്പള്ളി ജങ്ഷൻ സന്ദർശിച്ചു. അവലോകന യോഗവും ചേർന്നു. ദേശീയപാത 66 വികസനത്തിന്റെ ഭാഗമായാണ് ഇടപ്പള്ളിയിലെ പരിഷ്കാരം. എന്‍.എച്ച് 66 ചേരാനല്ലൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കളമശ്ശേരി ഭാഗത്തേക്ക് (എന്‍.എച്ച് 544) പോകുന്ന റോഡിന് നിലവില്‍ 7.7 മീറ്റര്‍ വീതിയാണുള്ളത്. ഈ ഭാഗത്താണ് ലുലു മാളിന്‍റെ പ്രവേശനകവാടം ഉള്ളത്. മാളിലേക്ക് പ്രവേശിക്കാനുള്ള വാഹനങ്ങള്‍ വരിയിൽ കിടക്കുമ്പോൾ കളമശ്ശേരി ഭാഗത്തേക്കുള്ള ഗതാഗതം ഒരുവരിയായി കുറയും. ഇവിടെയുള്ള നടപ്പാതക്ക് 2.1 മീറ്റര്‍ വീതിയുണ്ട്. ഈ നടപ്പാതയുടെ ഭാഗം റോഡുമായി യോജിപ്പിച്ചാല്‍ 9.7 മീറ്റര്‍ വീതി റോഡിന് ലഭിക്കും. മാളിലേക്കുള്ള വാഹനങ്ങള്‍ ക്യൂവില്‍ വന്നാലും കളമശ്ശേരി ഭാഗത്തേക്ക് രണ്ടുവരി ഗതാഗതം സുഗമമാകുമെന്നാണ് വിലയിരുത്തൽ. പുക്കാട്ടുപടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കളമശ്ശേരിയിലേക്കോ അല്ലെങ്കില്‍ മാളിലേക്കോ പോകേണ്ടത് മേൽപാലത്തിന് താഴെയുള്ള സിഗ്നലില്‍ യു ടേണ്‍ എടുത്താണ്. ഈ യു ടേണ്‍ 60 മീ. പിറകിലേക്ക് മാറി മേൽപാലത്തിന് താഴെ മൂന്ന് മീറ്റര്‍ ഹൈറ്റ് ക്ലിയറന്‍സുള്ള ഭാഗത്ത് നല്‍കിയാല്‍ ജങ്ഷനിലെ തിരക്ക് ഒഴിവാക്കാനും അതുവഴി മേൽപാലത്തിന് താഴെ ബൈപാസിലേക്ക് പോകേണ്ട വാഹനങ്ങളുടെയും ചേരാനല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെയും നീണ്ട ക്യൂ ഒഴിവാക്കാനും സാധിക്കും. ചേരാനല്ലൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കളമശ്ശേരി ഭാഗത്തേക്ക് പോകാനുള്ള ഫ്രീ ലെഫ്റ്റിന് ഇപ്പോള്‍ തടസ്സമുണ്ട്. ഇത് ഒഴിവാക്കുന്നതിന് നിലവിലെ നടപ്പാത പൊളിച്ച് കുറച്ചുകൂടി സ്ഥലം കണ്ടെത്തി ഒരു മീഡിയന്‍കൂടി നിർമിക്കണം. ഇതുകൂടാതെ ദേശീയപാത അതോറിറ്റിയുടെ ആറ് വരി വികസനത്തിന്‍റെ ഭാഗമായി എന്‍.എച്ച് 66ല്‍ ഇടപ്പള്ളി ജങ്ഷന്‍റെ ഇരുവശത്തും മേൽപാലം നിർമിക്കുന്നതിന് രൂപകല്‍പന ചെയ്തിട്ടുണ്ടെന്നും ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഈ നിർദേശങ്ങൾ നടപ്പാക്കാൻ തുടർനടപടികളിലേക്ക് കടക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. കൊച്ചി മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, കളമശ്ശേരി നഗരസഭ ചെയർപേഴ്സൻ സീമ കണ്ണൻ, സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു, കളമശ്ശേരി നഗരസഭ കൗൺസിലർമാരായ ബിന്ദു മനോഹരൻ, മനോജ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.