ഐസ് വാട്ടർ മുതൽ എ.സി വരെ; കോവിഡ്​ പരിശോധിക്കാതിരിക്കാൻ കാരണങ്ങളേറെ

കൊച്ചി: 'ഇന്നലെ ഇത്തിരി ഐസ് വാട്ടർ കുടിച്ചു, അതിന്‍റെയാവും തൊണ്ടവേദന', 'രണ്ടു മൂന്നുമണിക്കൂർ എ.സിയിലിരുന്നതാ അബദ്ധായേ.. ഇപ്പൊ മേലാകെ കുളിരും ജലദോഷവും' 'ഇന്നു രാവിലെ കുളിച്ചപ്പോ മര്യാദക്ക് തല തോർത്താൻ സമയം കിട്ടിയില്ല, തുമ്മൽ വേറൊന്നും കൊണ്ടല്ല' കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടും പരിശോധനക്ക്​ വിധേയരാവാൻ മടിക്കുന്നവരുടെ 'ന്യായീകരണ'ങ്ങളിൽ ചിലതുമാത്രമാണിത്. ചുമ, ജലദോഷം, പനി, മേലുവേദന തുടങ്ങിയ ലക്ഷണങ്ങൾ തീവ്രമായിട്ടും പോസിറ്റിവ് റിപ്പോർട്ട്​ കിട്ടിയാൽ ഒറ്റക്കിരിക്കേണ്ടി വരുമല്ലോ എന്നോർത്ത് പരിശോധിക്കാൻ മെനക്കെടാതെ ഒഴിഞ്ഞുമാറുകയാണ്. ലക്ഷണങ്ങൾ അവഗണിച്ച് തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും വൈറൽ പനിയാണെന്നും മറ്റും അവകാശപ്പെട്ട് സാധാരണ പോലെ നടക്കുന്നവരുമുണ്ട്. കാലാവസ്ഥ മാറ്റം, രാത്രി തണുപ്പടിച്ചത്, കുളി കഴിഞ്ഞയുടൻ വെയിലുകൊണ്ടത് എന്നിങ്ങനെ തനിക്ക്​ കോവിഡല്ലെന്നു തെളിയിക്കാൻ നിരത്തുന്ന വാദങ്ങൾ വേറെയുമുണ്ട്. നല്ലൊരു ശതമാനം ആളുകളും പരിശോധനക്ക്​ തയാറാവാതെ ഒഴിഞ്ഞുമാറുകയാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. പലർക്കും പരിശോധിച്ചാൽ പോസിറ്റിവ് ആയിരിക്കും ഫലം. എന്നാൽ, ക്വാറൻറീൻ, ഐസോലേഷൻ തുടങ്ങിയ കാര്യങ്ങളോർത്താണ് പരിശോധനക്ക്​ തയാറാവാത്തത്. സ്വന്തം ലേഖിക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.